Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right45 ദിവസം;...

45 ദിവസം; തകർക്കപ്പെട്ടത് 23 മുസ്‍ലിം മതസ്ഥാപനങ്ങൾ

text_fields
bookmark_border
45 ദിവസം; തകർക്കപ്പെട്ടത് 23 മുസ്‍ലിം മതസ്ഥാപനങ്ങൾ
cancel
camera_alt

പ്രതീകാത്മക ചിത്രം 

ന്യൂഡൽഹി: ആയിരം വർഷം മുതൽ രണ്ട് നൂറ്റാണ്ടുവരെ പഴക്കമുള്ള മുസ്‍ലിം പള്ളികൾ, ദർഗകൾ, മദ്റസകൾ...മൊത്തം 23 മുസ്‍ലിം മത സ്ഥാപനങ്ങൾ. കഴിഞ്ഞ 45 ദിവസത്തിനിടെ ഇന്ത്യയിൽ അധികൃതർ തകർത്ത സ്ഥാപനങ്ങളുടെ കണക്കാണിത്. അനധികൃത നിർമാണം ആരോപിച്ചാണ് ഇവയിലേറെയും ‘ബുൾഡോസർ രാജി’ന് വിധേയമാക്കിയത്. സംഭൽ, വാരാണസി, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഈയിടെ നടന്ന വൻ പൊളിച്ചുമാറ്റൽ നടപടിക്ക് പിന്നാലെ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുകൊണ്ടുവന്നത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈയിടെയായി നടന്ന പള്ളി, മദ്റസ ധ്വംസനങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷക സംഘടനയായ ‘ജസ്റ്റിസ് ഫോർ ഓൾ’ചൂണ്ടിക്കാട്ടുന്നു. മേയ് മുതൽ, ബി.ജെ.പി സർക്കാർ നേതൃത്വം നൽകുന്ന ആറ് സംസ്ഥാനങ്ങളിലായി കുറഞ്ഞത് 23 മുസ്‍ലിം മത ഘടനകളെങ്കിലും പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും സംഘടന വിശദീകരിക്കുന്നു. വാരാണസിയിലെ 1000 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ഷഹീദ അടക്കം പൊളിച്ചുമാറ്റൽ നടപടി നേരിടുകയാണ്.

ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ് ഇത്രയും മതസ്ഥാപനങ്ങൾ ബുൾഡോസറിന് ഇരയായത്. നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഈ ഇടിച്ചുനിരത്തൽ. പൊളിച്ചുമാറ്റൽ നടപടികൾക്കുമുമ്പ് മുൻകൂർ നോട്ടീസ് നൽകാൻ പോലും അധികൃതർ തയാറായിട്ടില്ല. മുസ്‍ലിം മത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും, അനുമതിയില്ലാതെ നിർമിച്ചതായി ആരോപണം നിലനിൽക്കുന്ന തൊട്ടടുത്തുള്ള ഹിന്ദു മതകേന്ദ്രങ്ങളെ സ്പർശിക്കാതെ വിട്ടെന്നും ‘ജസ്റ്റിസ് ഫോർ ഓൾ’ പറയുന്നു.

മംഗോൾപുരി ദർഗ മുതൽ മസ്ജിദ് ഗഞ്ച് ശഹീദ വരെ

മേയ് ആറിനാണ് ഡൽഹിയിലെ മംഗോൾപുരി ഇൻഡസ്ട്രിയൽ ഏരിയ ഫേസ്-രണ്ടിലെ ദർഗ പഞ്ച് പീരൻ എന്നറിയപ്പെടുന്ന മംഗോൾപുരി ദർഗ പൊളിച്ചുമാറ്റിയത്. 200 വർഷം പഴക്കമുള്ള ഈ കെട്ടിടം തലമുറകളായി പ്രധാന ആത്മീയ കേന്ദ്രമായി പരിപാലിച്ചുവന്നിരുന്നതാണ്. മേയ് 21ന് ഡൽഹി വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമിച്ചെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ കർണൈൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹി പിതംപുരയിലെ ‘നിയമവിരുദ്ധ മദ്റസ’ പൊളിച്ചുമാറ്റിയത്. ഫരീദാബാദിലെ മസ്ജിദ് ചൗക്കിലെ പള്ളി പൊളിച്ചുമാറ്റിയത് മേയ് 29നാണ്. കനത്ത പൊലീസ് ബന്തവസ്സിൽ പുലർച്ചെക്ക് മുമ്പായിരുന്നു തകർക്കൽ.

മേയ് 30ന് മുംബൈ ബാന്ദ്രയിൽ രണ്ട് പള്ളികൾക്കുനേരെ ബുൾഡോസറുകൾ നീണ്ടത് പ്രദേശത്ത് സംഘർഷത്തിനിടയാക്കി. ജൂൺ ഒന്നിന്, ഗുജറാത്തിൽ ഭൂനിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുവെന്ന് ആരോപിച്ച് നടന്ന വ്യാപകമായ പൊളിച്ചുമാറ്റൽ നടപടികളുടെ ഭാഗമായി അധികൃതർ മൂന്ന് ദർഗകളും മുസ്‍ലിം ശ്മശാനവും പൊളിച്ചുമാറ്റി. മുംബൈയിലെ ഗോരേഗാവ് പ്രദേശത്തെ 70 വർഷത്തിലേറെ പഴക്കമുള്ള ഹസ്രത്ത് സയ്യിദ് ബർകത്ത് അലി ഷാ പിർ ബാബ ദർഗ ജൂൺ രണ്ടിന് പൊളിച്ചുമാറ്റി.

ജൂൺ രണ്ടിന് രാത്രി വാരാണസിയിലെ അജ്ഗൈബ് ശഹീദ് പള്ളി പൊളിച്ചുമാറ്റിയത് ഇന്ത്യയിലെ സമീപകാലത്തെ ഏറ്റവും വിവാദ സംഭവങ്ങളിലൊന്നായി മാറി. ഈ പള്ളിക്ക് 200 വർഷം പഴക്കമുണ്ട്. കാശി മോഡൽ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് നീക്കിവെച്ച റെയിൽവേ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പള്ളി പൊളിച്ചത്. ജൂൺ നാലിന് പുണെയിലെ ബോപോഡി മെട്രോ സ്റ്റേഷന് സമീപത്തെ 100 വർഷം പഴക്കമുള്ള ഹസ്രത്ത് ഷംസുദ്ദീൻ ഖാദ്‍രി ദർഗ ഒറ്റരാത്രികൊണ്ട് ഇല്ലാതായി. ജൂൺ അഞ്ചിന് കൈയേറ്റ വിരുദ്ധ നീക്കത്തിന്റെ പേരിൽ ജില്ല ഭരണകൂടം സംഭൽ ബാഗൗ ഗ്രാമത്തിലെ ദർഗ പൊളിച്ചുമാറ്റുകയായിരുന്നു. 500-600 വർഷം പഴക്കമുള്ളതാണ് ഈ ആരാധനാലയം. ആറിന് സാംഭലിലെ തന്നെ മസ്ജിദ് മുസ്തഫ ഖാദിരിയും പൊളിച്ചുമാറ്റി. സംഭൽ ഈദ് ഗാഹ് തകർത്തത് ജൂൺ 10നാണ്.

രാജസ്ഥാൻ ജയ്പൂരിലെ നൂറാനി മസ്ജിദ് ജൂൺ എട്ടിന് ബുൾഡോസർ രാജിന് ഇരയായി. മാൽവിയ നഗറിലെ നന്ദപുരി പ്രദേശത്തെ ഈ പള്ളി 1981ൽ നാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് നിർമിച്ചത്. മഹാരാഷ്ട്ര ഭയന്ദറിലെ നൂരി മസ്ജിദ്, ഉത്തർപ്രദേശിലെ ഇറ്റാവയിലുള്ള സയ്യിദ് ഷാ ബാബ മസാറിന്റെ ദർഗ തുടങ്ങിയവയും ജൂണിൽ തകർക്കപ്പെട്ട മതസ്ഥാപനങ്ങളാണ്. വാരാണസിയിലെ കാശി റെയിൽവേ സ്റ്റേഷന് സമീപത്തെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ശഹീദയുമായി ബന്ധപ്പെട്ട പൊളിക്കൽ നടപടികൾ വീണ്ടും വൻ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ജൂൺ 20നകം പള്ളി ഒഴിയണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ഭരണകൂടം നോട്ടീസ് നൽകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiBJP governmentdestroyedMuslim religious centersLatest News
News Summary - 45 days; 23 Muslim religious institutions destroyed
Next Story