Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടിലിൽ ചപ്പാത്തി...

കുടിലിൽ ചപ്പാത്തി ചുട്ട് ഡോ. കഫീൽ ഖാൻ; ഈ യാത്ര ഇന്ത്യയുടെ ഹൃദയങ്ങളിലേക്ക്​ -VIDEO

text_fields
bookmark_border
കുടിലിൽ ചപ്പാത്തി ചുട്ട് ഡോ. കഫീൽ ഖാൻ; ഈ യാത്ര ഇന്ത്യയുടെ ഹൃദയങ്ങളിലേക്ക്​ -VIDEO
cancel

സികാർ (രാജസ്​ഥാൻ): ഒരാൾക്ക്​ നിന്ന്​ തിരിയാൻ മാത്രം ഇടമുള്ള അടുക്കള. മണ്ണ്​ കൊണ്ടുണ്ടാക്കിയ വിറകടുപ്പിൽ ചപ്പാത്തി വേവുന്നു. നിലത്ത്​ ചമ്രംപടിഞ്ഞിരുന്ന്​ അടുത്ത ചപ്പാത്തി പരത്തുകയാണ്​ ടൈ കെട്ടി, ഇൻസൈഡ്​ ചെയ്​ത നീലക്കുപ്പായക്കാരൻ. ഇടക്കിടെ അടുപ്പത്തുള്ള ചപ്പാത്തി മറിച്ചിടുന്നുമുണ്ട്​. അതിനിടെ, ശ്രദ്ധ പരത്തുന്ന ചപ്പാത്തിയിലായപ്പോൾ അടുപ്പിനു മുകളിലുള്ള ചപ്പാത്തി മറിച്ചിടാൻ അൽപം വൈകി. ഉടൻ കണ്ടുനിന്ന സ്​ത്രീ ഇടപെട്ട്​ അത്​ മറിച്ചിട്ടു.

ഈ നീലക്കുപ്പായക്കാരനെ നിങ്ങളറിയും. ഡോ. കഫീൽ ഖാൻ എന്ന അദ്ദേഹത്തിന്‍റെ പേര്​ കേട്ടാൽ നിങ്ങൾക്ക്​ മാത്രമല്ല, ഈ ലോകത്തിന്​ മുഴുവൻ അദ്ദേഹത്തെ അറിയും. അതെ, പ്രാണവായു കിട്ടാതെ പിടഞ്ഞ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലെ കുഞ്ഞുങ്ങൾക്ക്​ സ്വന്തം കാശ്​ മുടക്കി ഓക്​സിജൻ എത്തിച്ചതിന്​, ​അവർക്ക്​ വേണ്ടി ശബ്​ദിച്ചതിന്​ യോഗി ആദിത്യ നാഥെന്ന മുഖ്യമന്ത്രി നിഷ്​കരുണം വേട്ടയാടിയ കുട്ടികളുടെ ഡോക്​ടർ. മാസങ്ങളോളം അന്യായമായി കൽത്തുറങ്കിലടക്കപ്പെട്ട മനുഷ്യൻ. ആ കഫീൽ ഖാൻ, ഇപ്പോൾ ഒന്നരമാസമായി ഇന്ത്യയുടെ ഹൃദയങ്ങളിലേക്കുള്ള യാത്രയിലാണ്​. കോവിഡ്​ മഹാമാരി​യുടെ നാളുകളിൽ ഗ്രാമങ്ങളിൽനിന്ന്​ ഗ്രാമങ്ങളിലേക്ക്​ ആശ്വാസപ്പെയ്​ത്തായി അദ്ദേഹം സഞ്ചരിക്കുന്നു. വീടുകളും കോളനികളും താണ്ടി, മരുന്നും ഭക്ഷ്യവസ്​തുക്കളുമായി അദ്ദേഹം നേതൃത്വം നൽകുന്ന 'ഡോക്​ടേർസ്​ ഓൺ റോഡ്​' എന്ന സന്നദ്ധ സംഘം യാത്ര തുടരുകയാണ്​. ഡോ. കഫീൽ ഖാൻ തുടക്കമിട്ട 'മിഷൻ​ സ്​മൈൽ ഫൗണ്ടേഷൻ' എന്ന എൻ.ജി.ഒക്ക്​ കീഴിലാണ്​ ഇതിന്‍റെ പ്രവർത്തനം.

ഇന്ന്​ 44ാമത്തെ ദിവസം രാജസ്​ഥാനിലെ സികാർ എന്ന ഗ്രമത്തിലാണ്​ 'ഡോക്​ടേർസ്​ ഓൺ റോഡ്​' പര്യടനം നടത്തിയത്​. വീടുകൾ കയറിയിറങ്ങി കോവിഡ്​ ബോധവത്​കരണവും അത്യാവശ്യ സഹായങ്ങളും ചെയ്​തുകൊടുത്താണ്​ യാത്ര. ഇതിനിടെ,​ ഉച്ചസമയത്ത്​ കയറിയ ഒരു വീട്ടിൽ വെച്ചാണ്​ ഡോ. കഫീൽ ത​െന്‍റ പാചക വൈഭവം പുറത്തെടുത്തത്​. അടുക്കളയിൽ കയറി ഉച്ചക്ക്​ കഴിക്കാനുള്ള ചപ്പാത്തി പരത്തിച്ചുടുകയായിരുന്നു അദ്ദേഹം. കൂടെയുള്ളവർ ഇത്​ മൊബൈലിൽ പകർത്തി സോഷ്യ​ൽ മീഡിയയിൽ ​പോസ്റ്റ്​ ചെയ്യുകയായിരുന്നു. നിമിഷങ്ങൾക്കകം നിരവധിപേർ ഈ വിഡിയോ ഏറ്റെടുത്തു.


കോവിഡ്​ വ്യാപനവും ലോക്​ഡൗണും തൊഴിലില്ലായ്​മയും ദുരിതത്തിലാക്കിയ സാധാരണക്കാർക്ക്​ ആശ്വാസമേകുന്നതാണ്​ ഡോക്​ടേഴ്​സ്​ ഓൺ റോഡിന്‍റെ പ്രവർത്തനം. മരുന്നുൾപ്പെടെ സൗജന്യമായി നൽകിയാണ്​ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്​.

2017 ആഗസ്റ്റിൽ​ ഗോരഖ്​പൂർ ബി.ആർ.ഡി ആശുപത്രിയിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഡോ. കഫീൽ ഖാനെ കുറിച്ച്​ പുറംലോകമറിയുന്നത്​. ബി.ആർ.ഡി ആശുപത്രിയിൽ ഓക്സിജൻ നിലച്ചതിനെ തുടർന്ന് 60ഓളം കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അന്ന് സ്വന്തം നിലക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് കഫീൽ ഖാൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. സംഭവത്തിൽ സർക്കാറിന്‍റെ അനാസ്​ഥയെ കുറിച്ച്​ മാധ്യമങ്ങളോട്​ അദ്ദേഹം തുറന്നുപറയുകയും ചെയ്​തു. ഇതോടെ, യോഗിയുടെയും സംഘ്​പരിവാറിന്‍റെയും കണ്ണിലെ കരടായി അദ്ദേഹം മാറി. ഒമ്പത്​ മാസത്തോളം അദ്ദേഹത്തെ ജയിലിലടച്ചു. നിരപരാധിയെന്ന്​ വകുപ്പ്​ തല അന്വേഷണത്തിലടക്കം തെളിഞ്ഞ കഫീലിന്​ 2018 ഏപ്രിലിലാണ് ജാമ്യം ലഭിച്ചത്. പിന്നീട്​ പൊതുരംഗത്ത്​ സജീവമായ ഡോകട്​റെ അലീഗഢ് മുസ്​ലിം സർവകലാശാലയിൽ നടന്ന പൗരത്വനിയമ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന്​ 2020 ജനുവരി 29ന്​ വീണ്ടും അറസ്റ്റ്​ ചെയ്​തു. ദേശസുരക്ഷാ നിയമം ചുമത്തി എട്ടുമാസമാണ്​ തുറങ്കിലടച്ചത്​. നിരപരാധിയായ അദ്ദേഹം 2020 സെപ്​തംബറിൽ ഈ കേസിലും​ ജയിൽ മോചിതനായി.


നിലവിൽ ജന്മനാട്​ ഉപേക്ഷിച്ച ഡോ. കഫീൽഖാൻ രാജസ്​ഥിനിലാണ്​ കഴിയുന്നത്​. അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ട ഖാന്‍ സുരക്ഷിതതാവളം തേടിയാണ്​ 2020 സെപ്​റ്റംബറിൽ കുടുംബത്തോടൊപ്പം ജയ്​പൂരിലെത്തിയത്​. ഉത്തർപ്രദേശിൽ നിന്നാൽ വീണ്ടും ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യനാഥ് ജയിലിൽ അടച്ചേക്കുമെന്ന്​ മഹാമാരിക്കാലത്തും കർമനിരതനായ ഈ ശിശുരോഗ വിദഗ്​ധൻ ആശങ്കപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DR KAFEEL KHAN​Covid 19MISSION SMILE FOUNDATIONDoctorsOnRoad
News Summary - 44th day of Dr Kafeel Khan's Doctors On Road
Next Story