ഇന്ന് 444 വിമാനങ്ങൾ റദ്ദാക്കിയേക്കും: അറിയിപ്പുമായി വ്യോമയാന മന്ത്രാലയം
text_fieldsന്യൂ ഡൽഹി: ഞായറാഴ്ച ഏകദേശം 444 വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം. ഇറാനിലും മിഡിൽ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലും വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് അറിയിപ്പ് പുറത്തുവിട്ടത്.
ഇറാനിൽ യു.എസും ഇസ്രായേലും ആക്രമണം നടത്തിയതിനെ തുടർന്ന് പശ്ചിമേഷ്യയാകെ സംഘർഷാവസ്ഥയിലാണ്. ഇതിനോടനുബന്ധിച്ച് വ്യോമഗതാഗതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താൻ ശനിയാഴ്ച ഉദ്യോഗസ്ഥർ യോഗം ചേർന്നതായും മന്ത്രാലയം പറഞ്ഞു.
ഫെബ്രുവരി 28 ശനിയാഴ്ച്ച ആഭ്യന്തര വിമാനക്കമ്പനികളുടെ 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ന് 444 വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഞായറാഴ്ച പുലർച്ചെ എക്‌സിൽ പങ്ക് വച്ച പോസ്റ്റിൽ മന്ത്രാലയം അറിയിച്ചു.
സുരക്ഷയും പ്രവർത്തന മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർലൈനുകളുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡി.ജി.സി.എ അറിയിച്ചു.
യാത്രക്കാർക്ക് പരാതികൾ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും തത്സമയ ഫ്ലൈറ്റ് വിവരങ്ങൾ പരിശോധിക്കാനും അനുവദിക്കുന്ന ഡിജിറ്റൽ പരാതി പരിഹാര പ്ലാറ്റ്‌ഫോമായ എയർസേവക്ക് ഇതുമായി ബന്ധപ്പെട്ട് 216 പരാതികൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഇതിൽ 105 എണ്ണം പരിഹരിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

