മുസ്‍ലിം വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കണം; മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിൽ പ്രവേശനം വിശ്വാസികൾക്ക് മാത്രം, ഗവർണറെ കണ്ട് ബി.ജെ.പി
text_fieldsന്യൂഡൽഹി: കത്രയിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിൽ മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബി.ജെ.പി. മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർക്ക് നിവേദനം സമർപ്പിച്ചു.
ജമ്മു കശ്മീർ നിയമസഭ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ശനിയാഴ്ച വൈകുന്നേരം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രത്യേക സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ശർമ്മ പറഞ്ഞു. മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോർഡിന്റെ ചെയർമാൻ കൂടിയാണ് സിൻഹ.
‘ഒരു പ്രത്യേക സമുദായത്തിലെ വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവേശനം നൽകുന്നത് രാജ്യത്തെ ജനങ്ങൾക്ക് സ്വീകാര്യമല്ല. ഞങ്ങളുടെ വികാരവും ജനങ്ങളുടെ വേദനയും ഞങ്ങൾ ലഫ്റ്റനന്റ് ഗവർണറെ അറിയിച്ചിട്ടുണ്ട്. മാതാ വൈഷ്ണോ ദേവിയിൽ വിശ്വാസമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകാവൂ എന്ന നിലപാടിലാണ് ബി.ജെ.പി,’ സുനിൽ ശർമ്മ പറഞ്ഞു.
കോളജിൽ 42 മുസ്‍ലിം വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചതിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളടക്കം കേന്ദ്രീകരിച്ച് വിദ്വേഷ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ഉന്നയിച്ച് ബി.ജെ.പി രംഗത്തെത്തുന്നത്. നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പട്ടിക അടിസ്ഥാനമാക്കി നാഷണൽ മെഡിക്കൽ കൗൺസിൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവേശനമെന്ന് കോളജ് വ്യക്തമാക്കുമ്പോഴും, ഹിന്ദുക്കൾക്ക് മാത്രമേ കോളേജിൽ പ്രവേശനം അനുവദിക്കാനാവൂ എന്ന നിലപാടിലാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ.
അതേസമയം, വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിനെ ന്യൂനപക്ഷ സ്ഥാപനമായി തരംതിരിച്ചിട്ടില്ലെന്നും അതിനാൽ പ്രവേശന പ്രക്രിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് നടത്തിയതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ജമ്മു കശ്മീരിൽ 13 മെഡിക്കൽ കോളേജുകളുകളാണുള്ളത്. ഇതിൽ, വൈഷ്ണോ ദേവി മെഡിക്കൽ കോളേജിൽ ഈ വർഷം ആദ്യബാച്ചിനാണ് പ്രവേശനം അനുവദിച്ചത്. 85 ശതമാനം സീറ്റുകൾ തദ്ദേശീയർക്കായി നീക്കിവെച്ച് നീറ്റ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശന നടപടികൾ. 50 പേരുള്ള ബാച്ചിൽ ജമ്മുവിൽ നിന്നുള്ള എട്ട് ഹിന്ദു വിദ്യാർത്ഥികൾക്കാണ് പ്രവേശനം നേടാനായിരുന്നത്.
ബി.ജെ.പി വൈദ്യശാസ്ത്രത്തെ പോലും വർഗീയവൽക്കരിക്കുകയാണെന്ന് ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ പറഞ്ഞു. മതഭ്രാന്തന്മാരെയല്ല, ഗവേഷകരെയാണ് വൈദ്യശാസ്ത്രത്തിന് ആവശ്യമെന്നും സജ്ജാദ് പറഞ്ഞു. ‘ബി.ജെ.പി ഇപ്പോൾ വൈദ്യശാസ്ത്രത്തെ വർഗീയവൽക്കരിക്കുക എന്ന ആശയം പരീക്ഷിക്കുകയാണ്. നീറ്റ് എന്ന പേരിൽ പൊതുപ്രവേശന പരീക്ഷയുണ്ടെന്ന് അവർ മനസ്സിലാക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത് അഖിലേന്ത്യാ പരീക്ഷയാണ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർഥികൾ പരീക്ഷ എഴുതുകയും തിരഞ്ഞെടുക്കപ്പെടുന്നവർ ഡോക്ടർമാരാവാൻ പഠിച്ച് തയ്യാറെടുക്കുകയും ചെയ്യുന്നു. ഈ ഡോക്ടർമാർ ആളുകളെ സേവിക്കുകയും അവരെ ചികിത്സിക്കുകയും ശസ്ത്രക്രിയകൾ നടത്തുകയും ചെയ്യുന്നു,’ ബി.ജെ.പിയെ പരിഹസിച്ച് സജ്ജാദ് എക്സിലെ പോസ്റ്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

