രണ്ട് വർഷത്തിനിടെ എയിംസിൽനിന്ന് രാജിവെച്ചത് 400ലേറെ ഡോക്ടർമാർ; സ്വകാര്യ മേഖലയിൽ എയിംസിനേക്കാൾ പത്തിരട്ടി ശമ്പളം
text_fieldsഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
ന്യൂഡൽഹി: രണ്ട് വർഷത്തിനിടയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ (എയിംസ്) 20 സ്ഥാപനങ്ങളിൽനിന്ന് രാജിവെച്ചത് 400ലേറെ ഡോക്ടർമാർ. ഏറ്റവും കൂടുതൽ ഡോക്ടർമാരുടെ രാജി രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹി എയിംസിലാണെന്ന് റിപ്പോർട്ട്. 52 പേരാണ് ഡൽഹി എയിംസിൽനിന്ന് രാജി വെച്ചിരിക്കുന്നത്.
എയിംസ് ഋഷികേശിൽ 38 പേരും, എയിംസ് റായ്പൂരിൽ 35 പേരും, എയിംസ് ബിലാസ്പൂരിൽ 32 പേരും, എയിംസ് മംഗളഗിരിയിൽ 30 പേരും രാജിവച്ചു.
2022– 2024 വർഷ കാലയളവിലെ എയിംസുകളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സർക്കാർ പുറത്തുവിട്ടത്. മൊത്തം 429 പേർ രാജിവച്ചതായാണ് റിപ്പോർട്ടുകൾ. രാജിവെക്കുന്ന ഡോക്ടർമാർ സ്വകാര്യമേഖലയിലേക്കാണ് ചേക്കേറുന്നത്. എയിംസിൽനിന്ന് ലഭിക്കുന്ന ശമ്പളത്തേക്കാൾ പത്തിരിട്ടി വരെ സ്വകാര്യ മേഖലയിൽ ലഭിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
മിക്ക എയിംസുകളും ഫാക്കൽറ്റികളില്ലാതെ വലയുന്ന സമയത്താണ് രാജി. ഡൽഹി എയിംസ് ഉൾപ്പെടെ 20 എയിംസുകളിലും മൂന്നിൽ ഒന്ന് ഫാക്കൽറ്റി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ഡാറ്റ വ്യക്തമാക്കുന്നു.
നാഷണൽ ഇംപോർട്ടൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ നിന്നും വിരമിച്ച ഫാക്കൽറ്റി അംഗങ്ങളെ പുതിയ എയിംസുകളിൽ പ്രൊഫസർ, അഡീഷനൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തലത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പാർലമെന്‍റിൽ മറ്റൊരു ചോദ്യത്തിന് മറുപടി നൽകിയിരുന്നു.
ഡൽഹിയിലെ എയിംസിൽ 1,306 അംഗീകൃത ഫാക്കൽറ്റി തസ്തികകളുണ്ട്. ഡൽഹി എയിംസിൽ 462 എണ്ണം, ഭോപ്പാലിലെ എയിംസിൽ 71, ഭുവനേശ്വറിൽ 103 ഫാക്കൽറ്റി തസ്തികകൾ എന്നിവ ഒഴിഞ്ഞ് കിടക്കുന്നു. മറ്റ് എയിംസുകളിലും സമാനമായ ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

