എയിംസുകളിൽ ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്ക്; രണ്ട് വർഷത്തിനിടെ സ്ഥാപനം വിട്ടത് നാന്നൂറിലേറെ പേർ
text_fieldsന്യൂഡൽഹി: 2022നും 2024നും ഇടക്ക് ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളായ എയിംസ് ഉപേക്ഷിച്ച് പോയത് 429 ഡോക്ടർമാർ. ഏറ്റവും കൂടുതൽ പേർ രാജിവെച്ചത് ഡൽഹി എയിംസിലാണ്. ഇവിടെ 52 പേരാണ് സ്ഥാനമൊഴിഞ്ഞത്. എയിംസ് ഋഷികേശിൽ നിന്ന് 38 പേരും റായ്പൂരിൽ നിന്ന് 35 പേരും ബിലാസ്പൂരിൽ നിന്നും 32 പേരും മംഗലാഗിരിയിൽ നിന്നും 30 പേരും ഭോപ്പാലിൽ നിന്ന് 27 പേരും രാജിവെച്ചു.
മൂന്ന് പതിറ്റാണ്ട് വരെ എയിംസിൽ സേവനം അനുഷ്ടിച്ചവർ രാജിവെച്ചവരിൽ ഉൾപ്പെടും. എയിംസിലെ സീനിയർ ഡോക്ടർക്ക് രണ്ട് മുതൽ രണ്ടര ലക്ഷം വരെയാണ് ശമ്പളം. എന്നാൽ, സ്വകാര്യ ആശുപത്രിയിൽ ഇതിനേക്കാളും പത്തിരട്ടിയോളം അധിക ശമ്പളം ലഭിക്കും.
എയിംസിലെ ജോലി ബുദ്ധിമുട്ടളതായി മാറുന്നതാണ് രാജിക്കുള്ള പ്രധാന കാരണമെന്ന് ഡൽഹിയിൽ ജോലി ചെയ്യുന്ന സീനിയർ ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു. ആയിരക്കണക്കിന് ഡോക്ടർമാരാണ് ഇവിടെ ഓരോ ദിവസവും ചികിത്സക്കെത്തുന്നത്. ഇതുമൂലം ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്നു.
രോഗികളുടെ ശസ്ത്രക്രിയ ഉൾപ്പടെ നടത്തുന്നതിനായി ഒരുപാട് കാത്തിരിക്കേണ്ടി വരുന്നുവെന്നും സീനിയർ ഡോക്ടർ വെളിപ്പെടുത്തി. എല്ലാവരും ഉയർന്ന ശമ്പളത്തിനും കോർപ്പറേറ്റ് ജോലിക്കും വേണ്ടിയല്ല എയിംസ് വിടുന്നത്. ചിലർക്ക് ഇവിടത്തെ രാഷ്ട്രീയവും പക്ഷപാതവും മടുത്തിട്ടാണ് സ്ഥാപനം വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

