ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസ്സുകാരനെ മരത്തിൽ കെട്ടി തൂക്കി ക്രൂരത
text_fieldsപ്രതീകാത്മ ചിത്രം
റായ്പൂർ: ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ നാലു വയസ്സുകാരനെ രണ്ട് അധ്യാപികമാർ ചേർന്ന് മരത്തിൽ കെട്ടി തൂക്കി ‘ശിക്ഷിച്ചു’. സൂരജ്പൂർ ഹാൻസ് വാഹിനി വിദ്യാ മന്ദിറിലെ കാജൽ ഷാനു, അനുരാധ ദേവാങ്കൻ എന്നീ അധ്യാപികമാരാണ് കൊടും ക്രൂരത നടത്തിയത്. കുട്ടിയെ മരത്തിൽ കെട്ടി തൂക്കിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
നഴ്സറി അധ്യാപികയായ കാജൽ ഷാനുവാണ് കുട്ടിയെ ക്ലാസിന് പുറത്തേക്ക് കൊണ്ട് പോയി ഷർട്ട് കയറിൽ കെട്ടി സ്കൂൾ പരിസരത്തുള്ള മരത്തിൽ കെട്ടി തൂക്കിയത്. തുടർന്ന് മണിക്കൂറുകളോളം കുട്ടി മരത്തിൽ തൂങ്ങി നിന്നു. സഹായിക്കണമെന്ന് കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും അധ്യാപികമാർ ചെവി കൊണ്ടില്ല. അധ്യാപിക കുട്ടിയെ മരത്തിൽ കെട്ടി തൂക്കുന്നത് മേൽക്കൂരയിൽ നിൽക്കുകയായിരുന്ന യുവാവ് കാണുകയും ദൃശ്യങ്ങൾ തന്റെ മൊബൈലിൽ പകർത്തുകയുമായിരുന്നു. പിന്നീട് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
സംഭവത്തിൽ ഗുരുതര വീഴ്ച നടന്നതായി സ്കൂൾ മാനേജ്മെന്റ് സമ്മതിച്ചു. വിഡിയോ വൈറലായതിനെത്തുടർന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബി.ഇ.ഒ) സ്‌കൂളിലെത്തി അന്വേഷണം നടത്തിയിട്ടുണ്ട്. തുടർ നടപടികൾക്കായി അന്വേഷണ റിപ്പോർട്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് അയക്കുമെന്ന് ബി.ഇ.ഒ അറിയിച്ചു. അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ) അജയ് മിശ്ര പറഞ്ഞു.
സംഭവത്തിൽ കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കുട്ടിയെ കെട്ടി തൂക്കിയതിൽ രക്ഷിതാക്കളും ഗ്രാമവാസികളും പ്രതിഷേധിച്ചു. കുട്ടിയെ കെട്ടി തൂക്കിയ അധ്യാപകർക്കെതിരെയും സ്കൂളിനെതിരെയും നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കുട്ടിയുടെ ബന്ധുവായ സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

