ഉദ്ധവ് സേന വിഭാഗത്തിൽ നിന്നുള്ള നാല് കൗൺസിലർമാരെ കാണാനില്ല; മഹാരാഷ്ട്രയിൽ നാടകം തുടരുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയനാടകം തുടരുന്നു. കല്യാൺ-ഡോംബിവിൽ മുൻസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും അവസാനമായി രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ വാർത്തകൾ വരുന്നത്. കോർപറേഷനിലെ നാല് ശിവസേന കൗൺസിലർമാരെ കാണാനില്ലെന്ന പരാതിയുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തി. ഏക്നാഥ് ഷിൻഡെ വിഭാഗത്തിലേക്ക് ഇവർ കൂറുമാറിയെന്നാണ് സംശയം.
122 അംഗങ്ങളുടെ മുൻസിപ്പൽ കോർപറേഷനിൽ 53 അംഗങ്ങളാണ് ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിനുള്ളത്. ബി.ജെ.പിക്ക് 50 അംഗങ്ങളുണ്ട്. അഞ്ച് എം.എൻ.സി അംഗങ്ങൾ ശിവസേന ഷിൻഡെ വിഭാഗത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. കാണാതായ നാലുപേരുടെ പിന്തുണ കൂടിയായാൽ 62 എന്ന മാജിക് നമ്പർ മറികടക്കാൻ ഒറ്റക്ക് ഷിൻഡെക്ക് കഴിയും അതിനുള്ള ശ്രമങ്ങളാണ് ഷിൻഡെ വിഭാഗം നടത്തുന്നത്.
ഉദ്ധവ് സേന വിഭാഗത്ത് 11 കൗൺസിലർമാരുടെ പിന്തുണയാണുള്ളത്. എന്നാൽ, തെരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം ഇതിൽ ഏഴ് പേർ മാത്രമേ പാർട്ടിയുമായി ബന്ധപ്പെട്ടിട്ടുള്ളു. രണ്ട് പേർ ഷിൻഡെ പാളയത്തിൽ എത്തിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. രണ്ട് പേരെ പാർട്ടിക്ക് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
ഉദ്ധവുമായുള്ള സഖ്യത്തിനിടെ ഷിൻഡെ സേനയെ പിന്തുണക്കാനൊരുങ്ങി എം.എൻ.എസ് നേതാക്കൾ
അതേസമയം, കോർപ്പറേഷനിലെ എം.എൻ.എസ്-ശിവസേന(ഷിൻഡെ വിഭാഗം) കൂട്ടുകെട്ടിനോട് വളരെ രൂക്ഷമായാണ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. മഹാരാഷ്ട്രയെ ഒറ്റുകൊടുക്കുന്നവർ വഞ്ചകരാണ്. അധികാരം കിട്ടാത്തതുകൊണ്ട് അഴിമതി കാണിക്കുന്നത് മഹാരാഷ്ട്ര ക്ഷമിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ ഉണ്ടാകാം, പക്ഷേ അത് വ്യക്തിപരമായി തന്നെ വെക്കണം. കല്യാൺ-ഡോംബിവാലി വിഷയം ഉദ്ധവ് താക്കറെയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഒന്നും കിട്ടിയില്ലെങ്കിൽ പാർട്ടി വിടുന്ന മാനസികാവസ്ഥയുള്ള ചിലരെക്കുറിച്ച് രാജ് താക്കറെ തന്നെ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
ഇത്തരത്തിൽ പാർട്ടി മാറുന്നവർ ‘രാഷ്ട്രീയ മനോരോഗികൾ’ ആണെന്നും റാവത്ത് വിമർശിച്ചു. വിഷയത്തിൽ എം.എൻ.എസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ശിവസേനയും എം.എൻ.എസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരമൊരു സമയത്ത് ഒരാൾ പാർട്ടി ചിഹ്നത്തിൽ വിജയിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്താൽ പാർട്ടിയും നേതൃത്വവും അതിൽ ഉറച്ച നിലപാട് എടുക്കണം” -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

