ജമ്മുകശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിലെ മച്ചൽ സെക്ടറിൽ പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ വധിച്ചു. ഇന്ത്യൻ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞതായി കശ്മീർ സോൺ പൊലീസ് പറഞ്ഞു.
കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് (എൽ.ഒ.സി) സമീപം കഴിഞ്ഞയാഴ്ചയാണ് നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന സമാനമായ സംയുക്ത ഓപ്പറേഷനിൽ പരാജയപ്പെടുത്തിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടെന്ന് ഓപ്പറേഷന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വജ്ര ഡിവിഷൻ കമാൻഡിംഗ് ജനറൽ ഓഫീസർ മേജർ ജനറൽ ഗിരീഷ് കാലിയ പറഞ്ഞു. എന്നിരുന്നാലും, സമീപകാലത്ത്, നിയന്ത്രണരേഖയ്ക്ക് കുറുകെ നുഴഞ്ഞുകയറാൻ സാധ്യതയുള്ളതായുള്ള ധാരാളം ഇന്റലിജൻസ് വിവരങ്ങൾ സേനകൾക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.