ഗൗരി ലങ്കേഷ് വധം: നാലു തീവ്രഹിന്ദുത്വ സംഘടന നേതാക്കൾക്ക് പങ്കെന്ന്
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണ സംഘം. തീവ്ര ഹിന്ദുത്വ സംഘടനകളിലെ നാലു പ്രമുഖ നേതാക്കളാണ് ഗൗരി ലങ്കേഷിനെയും മറ്റു പുരോഗമനവാദികളെയും കൊലപ്പെടുത്താനുള്ള ആസൂത്രണം നടത്തിയതെന്ന് സംശയിക്കുന്നതായി പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) വ്യക്തമാക്കി.
പിടിയിലായ ആറു പ്രതികളും മുകളിൽനിന്നുള്ളവരുടെ നിർദേശാനുസരണം ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കൊല ആസൂത്രണം ചെയ്തവരെന്നു സംശയിക്കുന്ന നാലുപേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കൊല ആസൂത്രണം ചെയ്ത നാലുപേരിൽ കേണലായി വിരമിച്ച വിമുക്ത ഭടനും ഉൾപ്പെട്ടിട്ടുണ്ട്. വിരമിച്ചശേഷം തീവ്രഹിന്ദുത്വ സംഘടനയിൽ അംഗമായ ഇദ്ദേഹത്തിനും കൊലപാതകത്തിൽ പങ്കുള്ളതായാണ് സൂചന. ഈ നാലുപേരിൽനിന്നുമുള്ള നിർദേശങ്ങൾ പ്രതികളിലൊരാളായ അമോൽ കാലെയിലൂടെയാണ് നടപ്പാക്കിയിരുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവർക്കും കൃത്യം നടപ്പാക്കിയവർക്കും ഇടയിലെ കണ്ണിയായാണ് അമോൽകാലെ പ്രവർത്തിച്ചിരുന്നത്.
ഗൗരി ലങ്കേഷിനെ വധിക്കാൻ ഒാരോ മാസവും അമോൽ കാലെ 1.25 ലക്ഷം രൂപ വീതമാണ് വാങ്ങിയിരുന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 2017 ജനുവരി മുതൽ അമോൽ കാലെ ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ട്. ആറുപേരുടെ അറസ്റ്റിനുശേഷം കൊലപാതകം ആസൂത്രണം ചെയ്ത നാലുപേരെയും വൻതുക ചെലവഴിച്ച് ഹിന്ദുത്വ സംഘടനകൾ സംരക്ഷിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
