ദിവസങ്ങളായി കാണാനില്ല; ഒടുവിൽ വാഹനം അപകടത്തിൽപെട്ട് മരിച്ച നിലയിൽ; ഇന്ത്യൻ വംശജരായ കുടുംബങ്ങൾക്ക് അമേരിക്കയിൽ ദാരുണാന്ത്യം
text_fieldsഅമേരിക്കയിൽ അപകടത്തിൽ പെട്ട സംഘം, സഞ്ചരിച്ച കാറും
ന്യൂയോർക്ക്: ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിൽ കാണാതായ ഇന്ത്യൻ വംശജരായ നാലുപേരെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ ബുഫലോ സിറ്റിയിൽ നിന്നും പെൻസിൽവാനിയയിലെ പിറ്റ്സ്ബറിലേക്ക് റോഡുമാർഗം പുറപ്പെട്ട നാൽവർസംഘത്തെയാണ് ആദ്യം കാണാതാവുകയും, പിന്നീട് വാഹന അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആശങ്ക പടർത്തിയ മിസ്സിങ്ങിനു പിന്നാലെ, പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയോടെ ബിഗ് വീലിങ് ക്രീക് റോഡിലെ ചെങ്കുത്തായ പ്രദേശത്ത് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് മാർഷൽ കൗണ്ടി പൊലീസ് ഓഫീസ് അറിയിച്ചു. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിന്റെ ദുരൂഹത നീക്കാൻ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
ആശ ദിവാൻ, കിഷോർ ദിവാൻ, ശൈലേഷ് ദിവാൻ, ഗിത ദിവാൻ എന്നിവരാണ് മരിച്ചത്. ക്ഷേത്ര ദർശനം ഉൾപ്പെടെ പദ്ധതികളുമായി യാത്ര പുറപ്പെട്ടതാണ് ദമ്പതികളായ സംഘം. ഇവരുമായി ചൊവ്വാഴ്ച മുതൽ ആർക്കും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. പെൻസിൽവാനിയ പീച്ച് സ്ട്രീറ്റിലെ ബർഗർ കിങിലായിരുന്നു ഇവരെ അവസാനമായി കണ്ടത്. രണ്ടുപേർ റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചു. അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഇവിടെയായിരുന്നു. ശേഷം, ആരുമായും ബന്ധപ്പെട്ടില്ല. തുടർന്ന് വെള്ളിയാഴ്ച മുതൽ ഹെലികോപ്റ്റർ ഉൾപ്പെടെ സൗകര്യങ്ങൾ ഉപയോഗിച്ച് ആരംഭിച്ച വ്യാപക തിരിച്ചിലിനൊടുവിലാണ് വാഹനം അപകടത്തിൽ പെട്ടതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

