അഞ്ചു ലക്ഷം മുസ്‍ലിം വോട്ടുകൾ വെട്ടിമാറ്റുമെന്ന് അസം മുഖ്യമന്ത്രി, 'അസം വിട്ടുപോകാൻവേണ്ടി അവരെ ബുദ്ധിമുട്ടിക്കണം'
text_fieldsന്യൂഡൽഹി: എസ്.ഐ.ആറിന് പകരം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എസ്.ആർ (പ്രത്യേക പരിഷ്‍കരണം) നടത്തുന്ന അസമിൽ നാലു മുതൽ അഞ്ചു ലക്ഷം വരെ ‘മിയാ’കളെ (ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‍ലിംകളെ) വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
അസം വിട്ടുപോകാൻ സമ്മർദം ചെലുത്താൻ മിയാ മുസ്‍ലിംകളെ ബുദ്ധിമുട്ടിക്കണമെന്നും അതിനായി അവരുടെ റിക്ഷയിൽ യാത്ര ചെയ്യുന്നവർ അഞ്ചു രൂപ കൊടുക്കേണ്ടിടത്ത് നാലു രൂപയേ കൊടുക്കാവൂ എന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവ് കൂടിയായ അസം മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. തങ്ങളുടെ വോട്ടർപട്ടിക പരിഷ്‍കരണ പ്രക്രിയയെകുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തിൻസുകിയ ജില്ലയിൽ ദിഗ്‌ബോയിയിൽ നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‍ലിംകളെ കഴിവതും ബുദ്ധിമുട്ടിക്കുകയെന്നത് തന്‍റെ ഉത്തരവാദിത്തമാണെന്നും താനും ബി.ജെ.പിയും അവർക്കെതിരാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടിച്ച് ഞെരുക്കിയാൽ മാത്രമേ അവർ വിട്ടുപോകുകയുള്ളൂ. അവരെ അസമിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. അവർ ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടത്.
അസമിൽ ഇപ്പോൾ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം (എസ്.ആർ) ആണ് നടക്കുന്നത്. ബംഗാളി സംസാരിക്കുന്ന ആയിരക്കണക്കിന് മുസ്‍ലിംകൾക്ക് നോട്ടീസ് അയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അസമിൽ അവർ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ശ്രമമെന്നായിരുന്നു മറുപടി.
അസമിൽ എസ്.ഐ.ആറിന് പകരം എസ്.ആർ മാത്രമാക്കിയത് പ്രാഥമിക പ്രക്രിയയാണെന്നും അതിനു ശേഷം എസ്.ഐ.ആർ നടക്കുമ്പോൾ അഞ്ചു ലക്ഷം മിയാ മുസ്‍ലിംകളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവരെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കലാണ് തന്‍റെ ജോലിയെന്നും കോൺഗ്രസ് എന്തൊക്കെ വിമർശനം നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതികരണമാണ് നടത്തിയത്. മുഖ്യമന്ത്രി അസമിൽ ഭരണഘടനയെ അപ്രസക്തമാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അമൻ വദൂദ് കുറ്റപ്പെടുത്തിയപ്പോൾ, ഏതെങ്കിലും വിഭാഗത്തെ നിരന്തരം സമ്മർദത്തിലാക്കാനല്ല അസം ജനത ഹിമന്ത ശർമയെ തെരഞ്ഞെടുത്തതെന്ന് റെയ്ജോൾ ദൾ അധ്യക്ഷനും എം.എൽ.എയുമായ അഖിൽ ഗൊഗോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

