സംസ്ഥാന പദവി: ലഡാക്കിൽ പ്രക്ഷോഭം, വെടിവെപ്പ്: 4 മരണം, ബി.ജെ.പി ഓഫിസിന് തീയിട്ടു
text_fieldsലഡാക്കിൽ പ്രക്ഷോഭത്തിനിടെ അഗ്നിക്കിരയായ വാഹനം, ബി.ജെ.പി ഓഫീസ്
ന്യൂഡൽഹി: ലഡാക്കിലെ ലേ നഗരത്തിൽ ‘ലേ അപക്സ് ബോഡി’ (എൽ.എ.ബി) ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധക്കാരും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കുണ്ട്. പൊലീസ് വെടിവെപ്പിലാണ് മരണമെന്ന് ആദ്യ റിപ്പോർട്ടുകൾ പറയുന്നു. അക്രമാസക്തരായ ജനം ഇവിടത്തെ ബി.ജെ.പി ഓഫിസിന് തീയിട്ടു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പ്രത്യേക അവകാശങ്ങളും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
വിഷയം ഉന്നയിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടയിലാണ് സംഘർഷവും വെടിവെപ്പുമുണ്ടായത്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. ലഡാക്ക് പ്രതിനിധികൾ കേന്ദ്രസർക്കാറുമായി ഒക്ടോബർ ആറിന് ചർച്ച നടത്താനിരിക്കേയാണ് അക്രമവും ലാത്തിച്ചാർജും അരങ്ങേറിയത്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമം തുടരുന്ന ലേയിൽ സുരക്ഷ ശക്തമാക്കി. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കേന്ദ്ര ഭരണ പ്രദേശമാക്കിയ ലഡാക്കിന് നഷ്ടപ്പെട്ട സംരക്ഷണം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ ആറാം പട്ടികയിലൂടെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബർ 10ന് വാങ്ചുകിന്റെ നേതൃത്വത്തിൽ 15 പേർ നിരാഹാര സമരം തുടങ്ങിയത്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറുമായി നടത്തുന്ന ചർച്ചകൾ എവിടെയും എത്താത്ത സാഹചര്യത്തിൽകൂടിയായിരുന്നു നിരാഹാരം.
ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ എൽ.എ.ബി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നിവയുടെ നേതൃത്വത്തിൽ ദീർഘനാളായി തുടരുന്ന പ്രതിഷേധങ്ങളെത്തുടർന്ന് 2023 ജനുവരി 2ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്കരിച്ചിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ ചർച്ച നടത്താനായിരുന്നു അത്. സമിതിയും എൽ.എ.ബി, കെ.ഡി.എ എന്നിവയുടെ സംയുക്ത നേതൃത്വവും തമ്മിൽ മേയ് 27ന് അവസാന യോഗം നടത്തിയ ശേഷം തുടർചർച്ചകളുണ്ടായില്ല. അതിൽ പ്രതിഷേധിച്ച് നിരാഹാര സമരം തുടങ്ങിയതോടെ എൽ.എ.ബി, കെ.ഡി.എ എന്നിവയുടെ പ്രതിനിധികളുമായി അടുത്തമാസം ആറിന് ചർച്ച നടത്താമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. 15 പേരുടെ അനിശ്ചിതകാല നിരാഹാര സമരം 14 ദിവസം പിന്നിട്ടപ്പോൾ നിരാഹാരം കിടക്കുന്നവരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതേതുടർന്നാണ് ബന്ദിനും സമരത്തിനും എൽ.എ. ബി യുവജന വിഭാഗം ആഹ്വാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

