ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് ബിഹാറിൽ നിന്നുള്ള നാലുപേർ മരിച്ചു; 28 പേർക്ക് പരിക്ക്
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ശനിയാഴ്ച ബസ് മറിഞ്ഞ് ബിഹാർ സ്വദേശികളായ നാല് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ കശ്മീർ ജില്ലയിലെ ബർസൂ മേഖലയിൽ ശ്രീനഗർ-ജമ്മു ദേശീയ പാതയിലാണ് സംഭവം.
ബിഹാർ സ്വദേശികളായ നാല് യാത്രക്കാർ അപകടത്തിൽ മരിച്ചതായും 28 യാത്രക്കാർക്ക് പരിക്കേറ്റതായും 23 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്തു.
“ഇന്ന് അവന്തിപ്പോരയിൽ നടന്ന നിർഭാഗ്യകരമായ ബസ് അപകടത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഞാൻ വളരെ വേദനിക്കുന്നു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്” -സിൻഹ ട്വിറ്ററിൽ കുറിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 25000 രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 10000 രൂപ വീതവും സഹായം നൽകുമെന്ന് പുൽവാമ ഡെപ്യൂട്ടി കമീഷണർ ബശീറുൽ ഹഖ് അറിയിച്ചു.