എ.ഐ.എ.ഡി.എം.കെയിൽ കൂട്ടത്തോടെ പടിയിറക്കം; 4 മുൻ മന്ത്രിമാർ ടി.വി.കെയിൽ ചേർന്നു
text_fieldsവിജയ്
ചെന്നൈ: ആഭ്യന്തര തർക്കങ്ങളിൽ ഉലയുന്ന പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് വീണ്ടും കനത്ത പ്രഹരം. പാർട്ടിയുടെ പ്രമുഖരായ നാല് മുൻ മന്ത്രിമാരും മുൻ എം.എ.ൽ.എമാരും ഇന്ന് ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. മുൻ മന്ത്രിമാരായ ഉടുമലൈ കെ. രാധാകൃഷ്ണൻ, എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, എൻ.ആർ. ശിവപതി എന്നിവരാണ് ഔദ്യോഗികമായി ടി.വി.കെയിൽ അംഗത്വമെടുത്തത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ടി.വി.കെ ജനറൽ സെക്രട്ടറി ആനന്ദ്, തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ആധവ് അർജുന എന്നിവർ ചേർന്ന് നേതാക്കളെ സ്വീകരിച്ചു.
ഏപ്രിൽ 23-ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എ.ഐ.എ.ഡി.എം.കെ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയാണിത്. നിയമസഭയിൽ മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെ, പാർട്ടിയെ ലംഘിച്ച് എ.ഐ.എ.ഡി.എം.കെയുടെ 25 വിമത എം.എ.ൽ.എമാർ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് താഴേത്തട്ടിലുള്ള പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾ വരെ കൂട്ടത്തോടെ പാർട്ടി വിട്ട് ടി.വി.കെയിലേക്ക് ഒഴുകുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ട പ്രമുഖ മുഖങ്ങളാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. ഉദുമൽപേട്ട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഉടുമലൈ രാധാകൃഷ്ണനും കോവിൽപട്ടിയിൽ നിന്ന് മത്സരിച്ച കടമ്പൂർ രാജുവും കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. കടലൂർ മണ്ഡലത്തിൽ മത്സരിച്ച മുൻ മന്ത്രി സമ്പത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന ഇവർ ഒടുവിൽ വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനാണ് എ.ഐ.എ.ഡി.എം.കെ വിട്ട് ആദ്യമായി ടി.വി.കെയിൽ ചേർന്നത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ അദ്ദേഹം വിജയ്‌ക്കൊപ്പം ഉറച്ചുനിന്നിരുന്നു. മെയ് 29-ന് ചെന്നൈ പനായൂരിലെ ടി.വി.കെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുന്നൂറിലധികം എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ പാർട്ടിയിൽ ചേർന്നിരുന്നു. മുൻ മന്ത്രിമാരായ വെള്ളമാണ്ടി നടരാജൻ, ആനന്ദൻ, മുൻ എം.എ.ൽ.എമാരായ നടരാജ്, സാധൻ പ്രഭാകർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

