ജമ്മു: ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് നാലുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. വൈഷ്ണോ ദേവി ക്ഷേത്ര ദർശനത്തിനുപോകുന്ന തീർഥാടകർ കത്രയിൽനിന്ന് ജമ്മുവിലേക്ക് ബസിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാനെത്തുന്ന തീർഥാടകരുടെ ബേസ് ക്യാമ്പ് കത്രയിലാണ്. പ്രാഥമിക അന്വേഷണത്തിൽ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ജമ്മു മേഖല എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു.
ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.