Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് നാല്...

രാജ്യത്ത് നാല് ലക്ഷത്തിനടുത്ത് ലഹരിമരുന്ന് കേസുകൾ; പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിർദേശം, കേരളത്തിനും വേഗം വേണം

text_fields
bookmark_border
രാജ്യത്ത് നാല് ലക്ഷത്തിനടുത്ത് ലഹരിമരുന്ന് കേസുകൾ; പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിർദേശം, കേരളത്തിനും വേഗം വേണം
cancel

ന്യൂഡൽഹി: രാജ്യത്തുടനീളം ലഹരിമരുന്ന് കേസുകളുടെ (എൻ.ഡി.പി.എസ് ആക്ട്) കെട്ടിക്കിടപ്പ് രൂക്ഷമായ സാഹചര്യത്തിൽ, വിചാരണക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. നിലവിൽ രാജ്യത്താകെ 3.96 ലക്ഷത്തോളം ലഹരിമരുന്ന് കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ ഇതുവരെ പ്രത്യേക എൻ.ഡി.പി.എസ് കോടതികൾ നിലവിൽ വന്നിട്ടില്ലെന്ന് ഉയർന്ന തലയോഗത്തിൽ വ്യക്തമായി.

കേസുകളുടെ ഭാരം കുറക്കുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ആറു മാസത്തിനിടെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ആഭ്യന്തര സെക്രട്ടറിമാരുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഘട്ടങ്ങളിലായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

പഞ്ചാബിൽ 60,000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും ഒരു പ്രത്യേക കോടതിപോലുമില്ല. ലുധിയാന, ജലന്ധർ, അമൃത്സർ, തരൺ താരൻ, സംഗ്രൂർ എന്നിവിടങ്ങളിലായി അഞ്ച് പ്രത്യേക എൻ.ഡി.പി.എസ് കോടതികൾ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. 50,000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്ന കേരളത്തിൽ ഒമ്പത് പ്രത്യേക കോടതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.

17,000 കേസുകൾ ഒഡീഷയിൽ കെട്ടിക്കിടക്കുന്നു. ഈ വർഷം എട്ട് പ്രത്യേക കോടതികളും 2027-28ൽ ഏഴെണ്ണവും സ്ഥാപിക്കുമെന്ന് വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ 15,000 കേസുകളും അഞ്ച് പ്രത്യേക കോടതികളുമുണ്ട്. ആറെണ്ണം കൂടി സ്ഥാപിക്കാൻ നിർദേശം സമർപ്പിച്ചിട്ടുണ്ട്.

കർണാടക- 15,000 കേസുകളും മൂന്ന് പ്രത്യേക കോടതികളുമുള്ള കർണാടകയോട് കൂടുതൽ കോടതികൾ ആരംഭിക്കാൻ ആവശ്യപ്പെട്ടു.

മധ്യപ്രദേശ്- 14,000 കേസുകളുണ്ടെങ്കിലും പ്രത്യേക കോടതികളില്ല. ഇന്ദോർ, ഭോപാൽ, നീമുച്ച്, മന്ദ്‌സൗർ, രേവ, സിംഗ്‌റൗലി എന്നിവിടങ്ങളിൽ ആറ് കോടതികൾ അടിയന്തരമായി സ്ഥാപിക്കാൻ നിർദേശിച്ചു. പശ്ചിമ ബംഗാൾ- 11,000 കേസുകളുണ്ടായിട്ടും പ്രത്യേക കോടതികളില്ല. കൊൽക്കത്ത, ഹൗറ, ഈസ്റ്റ് ബർധമാൻ, ബാരാസത്, ബഹരംപൂർ എന്നിവിടങ്ങളിൽ ആറ് കോടതികൾ നിർദേശിച്ചു.

ഹിമാചൽ പ്രദേശ്- 11,000 കേസുകൾ കെട്ടിക്കിടക്കുന്നു. അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ ഹൈകോടതി അംഗീകരിച്ചിരുന്നില്ല. പ്രൊപ്പോസൽ വീണ്ടും ഹൈകോടതിക്ക് അയക്കാൻ കേന്ദ്രം നിർദേശിച്ചു.

രാജ്യത്താകെ വെറും 65 പ്രത്യേക കോടതികൾ

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യത്താകെ വെറും 65 പ്രത്യേക കോടതികൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) യോഗത്തിൽ വ്യക്തമാക്കി.

കേസുകളിലെ വിചാരണ വൈകുന്നതിൽ സുപ്രീം കോടതിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സംഘടിത ലഹരി കുറ്റകൃത്യങ്ങളിൽ ഒന്നിലധികം പ്രതികളും സാക്ഷികളും വക്കീലന്മാരും ഉൾപ്പെടുന്നതിനാൽ വിചാരണയും ദീർഘനേരം നീണ്ടുനിൽക്കും. അതിനാൽ സാധാരണ കോടതികളുടെ ഭാരം കൂട്ടാതെ പ്രത്യേക കോടതികൾ സ്ഥാപിക്കുകയാണ് പോംവഴി. പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവുകൾ പാലിച്ചതിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുകളിലെ വൻ വർധനവ്

2004 മുതൽ 2014 വരെയുള്ള കാലയളവിൽ 1,73,000 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്; 1,95,000 പേർ അറസ്റ്റിലായി. എന്നാൽ 2014 മുതൽ 2026 വരെയുള്ള കാലയളവിൽ കേസുകളുടെ എണ്ണം 8,75,000 ആയും അറസ്റ്റിലായവരുടെ എണ്ണം 10,97,000 ആയും കുത്തനെ ഉയർന്നു.

വരും വർഷങ്ങളിൽ ലഹരിമരുന്ന് കടത്തിനും ഉപയോഗത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വേഗത്തിലുള്ള വിചാരണ ഉറപ്പാക്കുന്നത്. സുപ്രീംകോടതിയിലെ ഭരണഘടനാ കേസ് നടപടികളുടെ മാതൃകയിൽ വിചാരണ സമയം നിശ്ചയിക്കുന്ന 'പ്രീ-ട്രയൽ കോൺഫറൻസുകൾ' ട്രയൽ കോടതികളിലും നടപ്പാക്കാവുന്നതാണെന്നും യോഗത്തിൽ നിർദേശമുയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug Casespecial courtsToofanNDPS court
News Summary - രാജ്യത്ത് നാല് ലക്ഷത്തിനടുത്ത് ലഹരിമരുന്ന് കേസുകൾ
Next Story