ബി.ജെ.പി പ്രവർത്തകരുമായി പോകുന്ന ബസ് നിർത്തിയിട്ട ലോറിയിലിടിച്ച് 39 പേർക്ക് പരിക്ക്
text_fieldsഭോപാൽ: ബി.ജെ.പി പ്രവർത്തകരുമായി പോകുന്ന ബസ് നിർത്തിയിട്ട ലോറിയിലിടിച്ച് 39 പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ കസ്റവാഡിൽ ഞായറാഴ്ച അർധരാത്രിയായിരുന്നു അപകടം. തിങ്കളാഴ്ച ഭോപാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘കാര്യകർത്ത മഹാകുംഭ്’ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു സംഘം. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖാപർജാംലി, രൂപ്ഗഢ്, റായ്സാഗർ എന്നിവിടങ്ങളിൽനിന്നുള്ള പ്രവർത്തകരായിരുന്നു ബസിലുണ്ടായിരുന്നത്.
ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ 45 ദിവസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. ഭരണത്തിലുള്ള ബി.ജെ.പിക്ക് കോൺഗ്രസിൽനിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ജനസംഘം സഹസ്ഥാപകൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കാര്യകർത്ത മഹാകുംഭ്’ പരിപാടിയിൽ 10 ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

