മണിപ്പൂരിലെ കർഷകർക്ക് 38.06 കോടി രൂപ നഷ്ടപരിഹാരം നൽകും
text_fieldsഇംഫാൽ: മണിപ്പൂരിലെ കർഷകർക്ക് 38.06 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. അക്രമം തുടരുന്നത് കർഷകരെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. കർഷക സംഘടനയായ ലൗമി ഷിൻമീ അപുൻബ ലൂപ്പിന്റെ സർവേയിൽ 9,719 ഹെക്ടർ നെൽവയലുകളിൽ വിളനാശം നേരിട്ടതായി കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ 1.95 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ 5,127 ഹെക്ടറിൽ കൃഷി ചെയ്യാൻ കർഷകർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നവംബറോടെ കർഷകർക്ക് പണം നൽകാനുള്ള നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന കൃഷി കമീഷണർ ആർ.കെ ദിനേശ് പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കേണ്ട കർഷകരുടെ എണ്ണം ജില്ലാതലത്തിൽ പരിശോധനക്ക് വിധേയമാക്കും. ആവശ്യത്തിന് മഴ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കുഴൽക്കിണറുകളും കുളങ്ങളും നിർമിച്ച് ദീർഘകാല പദ്ധതിയെന്ന നിലയിൽ ജലസേചന ഭൂമിയുടെ വിസ്തൃതി വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനായി സ്കീം ഫണ്ടുകളിൽ കേന്ദ്ര സർക്കാർ 70 കോടി രൂപ വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് മൂന്ന് മുതലാണ് മണിപ്പൂരിൽ വംശീയ സംഘർഷം ആരംഭിച്ചത്. ഇതുവരെ 175 പേർ മരിക്കുകയും 50,000ത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.