ഹിമാചലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.42ഓടെയാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി.
ഭൂനിരപ്പിൽ നിന്ന് ഏഴ് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഫെബ്രുവരി 17ന് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പുലര്‍ച്ചെ 5.36നായിരുന്നു ഉഗ്രശബ്ദത്തോടെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ബഹുനില കെട്ടിടങ്ങളിൽ കുലുക്കം അനുഭവപ്പെടുകയും കട്ടിലുകളടക്കം ഇളകുകയും ചെയ്തതോടെ പരിഭ്രാന്തരായ ആളുകൾ പുറത്തേക്കോടി.

