ഫരീദാബാദിൽ നിന്ന് ബോംബ് നിർമിക്കാനുപയോഗിക്കുന്ന 360 കിലോ രാസവസ്തുവും ആയുധങ്ങളും പിടികൂടി; ഡോക്ടർമാർ അറസ്റ്റിൽ
text_fieldsചണ്ഡീഗഢ്: ജമ്മു കശ്മീർ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് ഡോക്ടർമാരിൽ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിൾ, വലിയ ആയുധശേഖരം എന്നിവ പിടികൂടി.
സംഭവത്തിൽ ഹരിയാനയിലെ അൽഫലാഹ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ മുസമ്മിൽ ഷക്കീലിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഡോക്ടർ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് രാസവസ്തുക്കൾ കണ്ടെടുത്തത്. അതേ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറിൽ നിന്ന് തോക്കും കണ്ടെത്തി. വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വനിതാ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാർ പിടിച്ചെടുത്തു. സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് അമോണിയം നൈട്രേറ്റ് ,
മറ്റൊരു ഡോക്ടറായ ഡോ. അദീൽ അഹ്മദ് റാത്തറെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക സൂചനകളുടെ അടിസ്ഥാനത്തിലാണ് മുസമ്മിലിന്റെ വാടക വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയത്. ഇവരുടെ ശൃംഖലയിൽ പെട്ടയാളെന്ന് സംശയിക്കുന്ന മറ്റൊരു ഡോക്ടർക്കായി ഫരീദാബാദിലും പരിസരത്തും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മുസമ്മിലുമായി പതിവായി ബന്ധപ്പെട്ടിരുന്ന പള്ളി ഇമാം ഇഷ്തിയാഖിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
തോക്കുകൾ, വെടിയുണ്ടകൾ, വലിയ സ്യൂട്ട്കേസുകൾ, സ്ഫോടക വസ്തുക്കൾ, ബാറ്ററികൾ അടങ്ങിയ 20 ടൈമറുകൾ, 24 റിമോട്ട് കൺട്രോളുകൾ, അഞ്ച് കിലോഗ്രാം ഹെവി മെറ്റൽ, വാക്കി-ടോക്കി സെറ്റുകൾ, ഇലക്ട്രിക് വയറിങ്, നിരോധിത വസ്തുക്കൾ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫരീദാബാദിലെ ധോജ് പ്രദേശത്ത് ഡോക്ടർ മുസമ്മിൽ വീട് വാടകക്കെടുത്തതെന്നും അവിടെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഏകദേശം 15 ദിവസം മുമ്പ് എത്തിച്ച രാസവസ്തു എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്കേസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. കശ്മീർ താഴ്‌വരയിലെ ഡോ. റാത്തറിന്റെ ഒരു ലോക്കറിൽ നിന്ന് പൊലീസ് നേരത്തെ ഒരു എ.കെ-47 തോക്കും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
ഫരീദാബാദിൽ നടന്ന അറസ്റ്റുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നവലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി അറസ്റ്റുകൾക്ക് ഈ നടപടി കാരണമായി.
വൈറ്റ് കോളർ ഭീകര ആവാസ വ്യവസ്ഥ രൂപപ്പെട്ടതായും പ്രഫഷനലുകളും വിദ്യാർഥികളും വിദേശത്തുള്ളവരുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ജമ്മുകശ്മീർ പൊലീസ് പറയുന്നു. ഇവർക്കായി പ്രത്യേക ആശയവിനിമയ ചാനലുകളും ഉണ്ട്. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളുടെ മറവിലാണ് ഇവർ ഫണ്ട് സ്വരൂപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
ആയുധ നിയമത്തിലെ സെക്ഷൻ 7, 25, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യു.എ.പി.എ) സെക്ഷൻ 13, 28, 38, 39 എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

