ബംഗാളിൽ 35 മന്ത്രിമാർ കൂടി അധികാരമേറ്റു
text_fieldsകൊൽക്കത്ത: മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ ആദ്യമായി അധികാരമേറ്റ പശ്ചിമ ബംഗാളിൽ മന്ത്രിസഭ വികസിപ്പിച്ചു. സ്വപൻ ദാസ് ഗുപ്ത, തപസ് റോയ്, ഗൗരി ശങ്കർ ഘോഷ് എന്നിവർ ഉൾപ്പെടെ 35 എം.എൽ.എമാരാണ് ലോക്ഭവനിൽ ഗവർണർ ആർ.എൻ. രവി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. ദുധ് കുമാർ മൊണ്ടൽ, ദീപക് ബർമൻ, മനോജ് ഒറാവോൺ, അർജുൻ സിംഗ്, ശരദ്വത് മുഖർജി, ജഗന്നാഥ് ചതോപാധ്യായ എന്നിവരാണ് മറ്റു കാബിനറ്റ് മന്ത്രിമാർ. രാജേഷ് മഹാത, ഇന്ദ്രനിൽ ഖാൻ, മാലതി രാവ റോയ് എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സന്തനു പ്രമാണിക്, പൂർണിമ ചക്രവർത്തി, ഉമേഷ് റായ്, ജോയൽ മുർമു, അശോക് ദിൻഡ, ആനന്ദമോയ് ബർമൻ, കൗശിക് ചൗധരി, ഗാർഗി ദാസ് ഘോഷ്, ഭാസ്‌കർ ഭട്ടാചാര്യ, ദിബാകർ ഘരാമി, സുമന സർക്കാർ എന്നിവർ സഹമന്ത്രിമാരാണ്.
ഇതോടെ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ എണ്ണം 41 ആയി. മേയ് ഒമ്പതിന് സുവേന്ദു അധികാരിയടക്കം ആറു മന്ത്രിമാർ ചുമതലയേറ്റിരുന്നു. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, അശോക് കീർത്താനിയ, ക്ഷുദിറാം തുഡു എന്നിവരാണ് അന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭ വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സമിക് ഭട്ടാചാര്യയും കഴിഞ്ഞദിവസം പാർട്ടി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച്, 294 അംഗ നിയമസഭയിൽ 208 സീറ്റുകൾ നേടിയാണ് സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

