കർണാടകയിലെ ബാങ്കുകളിൽ അവകാശപ്പെടാതെ 3400 കോടി
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: കർണാടകയിലുടനീളമുള്ള ബാങ്ക് അക്കൗണ്ടുകളിൽ ദശാബ്ദത്തിലേറെയായി ഏകദേശം 3400 കോടി രൂപ അവകാശപ്പെടാതെ കിടക്കുന്നുണ്ടെന്ന് ബുധനാഴ്ച ജില്ല കൺസൾട്ടേറ്റിവ് കമ്മിറ്റി (ഡി.സി.സി) ജില്ലതല അവലോകന കമ്മിറ്റി (ഡി.എൽ.ആർ.സി) യോഗത്തിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
അവകാശപ്പെടാത്ത നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ആളുകളെ സഹായിക്കുന്നതിനായി ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിന് (ഡി.ഇ.എ.എഫ്) കീഴിൽ കേന്ദ്ര ബാങ്ക് സംസ്ഥാന വ്യാപകമായി കാമ്പയിൻ ആരംഭിച്ചതായി ബംഗളൂരു റീജനൽ ഓഫിസിലെ ആർ.ബി.ഐ അസി. ജനറൽ മാനേജർ അരുൺ കുമാർ പറഞ്ഞു. മൂന്ന് മാസംമുമ്പ് ആരംഭിച്ച പ്രത്യേക ഡ്രൈവ് ഈ മാസം 31 വരെ തുടരും. സമയപരിധി കഴിഞ്ഞാലും നിക്ഷേപകർക്ക് ബാങ്കുകളെ സമീപിക്കാം.
ക്ലെയിം ചെയ്യാത്ത അക്കൗണ്ടുകളിൽ ഏകദേശം 80 ശതമാനത്തിനും 10,000 രൂപയിൽ താഴെ ബാലൻസാണുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. അവയിൽ പലതും പതിറ്റാണ്ടുകൾ പഴക്കമുള്ളവയാണ്. അപ്‌ഡേറ്റ് ചെയ്ത മൊബൈൽ നമ്പറുകളോ കെ.വൈ.സി വിശദാംശങ്ങളോ ഇല്ല. കൂടാതെ പല കേസുകളിലും, യഥാർത്ഥ അക്കൗണ്ട് ഉടമകൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. കാമ്പയിനിന്റെ ആദ്യപടിയായി മൊബൈൽ നമ്പറുകളും ഉപഭോക്തൃ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് ഏറ്റെടുത്തിട്ടുണ്ട്.
ക്ലെയിം ചെയ്യപ്പെടാത്ത പണത്തിൽ സേവിങ്സ്, ഫിക്സഡ് ഡെപ്പോസിറ്റ്, കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് യു.ഡു.ജി.എ.എം (UDGAM) ഓൺലൈൻ പോർട്ടൽ വഴിയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ പരിശോധിക്കാമെന്ന് ദക്ഷിണ കന്നട ലീഡ് ബാങ്ക് ജില്ല ചീഫ് മാനേജർ കവിത ഷെട്ടി പറഞ്ഞു.
ദക്ഷിണ കന്നട ജില്ലയിൽ മാത്രം ആറ് ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 140 കോടി രൂപ അവകാശപ്പെടാതെ കിടക്കുന്നുണ്ട്. ഇതുവരെ, ഡി.ഇ.എ.എഫ് (DEAF) സ്കീം പ്രകാരം 830 അക്കൗണ്ടുകളിലെ നിക്ഷേപകർക്ക് 20 കോടി രൂപ തിരികെ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

