‘വൈകിയത് ആറ് മണിക്കൂർ, 10,000 ആളുകൾ എത്തേണ്ടിടത്ത് 30,000 പേർ, നടൻറെ വാഹനത്തിനടുത്തെത്താൻ തിക്കും തിരക്കും’ വിജയ് യുടെ റാലി ദുരന്തത്തിൽ കലാശിച്ചത് ഇങ്ങനെ
text_fieldsചെന്നൈ: ശനിയാഴ്ച ഉച്ചക്ക് കരൂർ വിജയ് യുടെ പ്രചാരണ റാലി നടക്കുമെന്നാണ് സംഘാടകർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് സ്ഥലത്തെത്തിയപ്പോഴേക്കും ആറുമണിക്കൂർ വൈകിയിരുന്നു. ഇതിനിടെ 10,000 പേരെ പ്രതീക്ഷിച്ചിടത്ത് തടിച്ചുകൂടിയത് 30,000ലധികം ആളുകളായിരുന്നു.
ജനക്കൂട്ടം നിയന്ത്രണാതീതമാകുന്നതിനിടെ, ചൂടിലും തിരക്കിലും പെട്ട് നിരവധിയാളുകളാണ് കുഴഞ്ഞുവീണത്. ഇതിനിടെ പ്രസംഗം നിർത്തിയ വിജയ് പ്രത്യേക ബസിൽ കരുതിയിരുന്ന വെളളക്കുപ്പികൾ ആളുകൾക്കിടയിലേക്ക് എറിഞ്ഞുനൽകി. ആംബുലൻസ് സേവനം ലഭ്യമാക്കാനും നടൻ അഭ്യർഥിക്കുന്നുണ്ടായിരുന്നു.
ഇതിനിടെ നടൻറെ വാഹനത്തിനടുത്തേക്ക് ഒരുവിഭാഗം ആളുകൾ കടന്നെത്താൻ ശ്രമിച്ചതോടെയാണ് ദുരന്തത്തിന്റെ തുടക്കം. കുട്ടികളും സ്ത്രീകളുമുൾപ്പെടെ ജനക്കൂട്ടം വാഹനത്തിനടുത്തേക്ക് നീങ്ങാൻ ശ്രമിക്കുന്നതിനിടെ പലരും മറിഞ്ഞുവീഴുകയായിരുന്നു. ഇതിനിടെ ആംബുലൻസെത്തിയെങ്കിലും ജനക്കൂട്ടത്തിനുള്ളിലൂടെ സംഭവസ്ഥലത്തേക്കെത്താൻ പാടുപെടുന്നതായിരുന്നു കാഴ്ച.
സംഭവസ്ഥലത്തുനിന്നും കൂടുതൽ ആംബുലൻസുകൾ ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. 31 പേരുടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി സന്ദർശിച്ച ശേഷം ഡി.എം.കെ നേതാവ് സെന്തിൽ ബാലാജി പറഞ്ഞു. 46 ആളുകൾ സ്വകാര്യ ആശുപത്രികളിലും 12 പേർ സർക്കാർ ആശുപത്രികളിലും ചികിത്സയിലാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച കരൂരിലെത്തും. ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഇതിനകം കരൂരിലേക്ക് തിരിച്ചു. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകി. കരൂർ റാലിയിലുണ്ടായ ദുരന്തം അതീവ വേദനാജനകമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുർമുവും ആഭ്യന്തര മന്ത്രി അമിഷ് ഷായും സംഭവത്തിൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

