കുംഭമേളക്കായി 33,000 കോടിയുടെ പദ്ധതികൾ, നാസിക്കിനെ വികസനത്തിന്‍റെ ചാലകശക്തിയാക്കി മാറ്റും: ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsമുംബൈ: വരാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയോടനുബന്ധിച്ച് 33,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയതായി മഹരാഷ്ട്ര ഉപമുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ആത്മീയവും മതപരവുമായ പ്രാധാന്യമുള്ള നാസിക് നഗരം വരും വർഷങ്ങളിൽ വികസനത്തിന്റെ ചാലകശക്തിയായി മാറുമെന്നും അദ്ദേഹം അറിയിച്ചു. 'കുംഭ ഉദ്യോഗ് സംഗമം; നാസിക് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ് 2026' എന്ന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026 ഒക്ടോബർ 31 മുതൽ 2028 ജൂലൈ 24 വരെയാണ് സിംഹസ്ഥ കുംഭമേള നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസനം അടുത്ത 15 മുതൽ 20 വർഷത്തേക്ക് വ്യവസായങ്ങളെ ആകർഷിക്കുന്ന ഒരു കാന്തമായി പ്രവർത്തിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി നിക്ഷേപ സംഗമത്തിൽ മുന്നൂറിലധികം വ്യവസായികളുമായി 13,190 കോടി രൂപയുടെ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഇത് ഏകദേശം 32,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നാസിക് ജില്ലയിൽ മാത്രം 31,945 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ നാസിക് ജില്ലയിൽ മൂന്ന് ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഒരു ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള മഹാരാഷ്ട്രയുടെ യാത്രയിൽ ഓരോ ജില്ലയെയും വികസന കേന്ദ്രങ്ങളാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. സംരംഭകർക്ക് എളുപ്പത്തിൽ ബിസിനസ്സ് തുടങ്ങുന്നതിനായി 2025 ഫെബ്രുവരിയിൽ ആരംഭിച്ച 'മൈത്രി' പോർട്ടൽ വഴി വിവിധ വകുപ്പുകളുടെ അനുമതികൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നുണ്ട്. ഇതിനോടകം മൂന്ന് ലക്ഷത്തിലധികം അപേക്ഷകൾ ഇതിലൂടെ കൈകാര്യം ചെയ്തു. റിംഗ് റോഡ്, ഡ്രൈ പോർട്ട്, വിപുലീകരിച്ച റെയിൽവേ-വിമാനത്താവള സൗകര്യങ്ങൾ എന്നിവ വഴി നാസിക്കിന്റെ കണക്റ്റിവിറ്റി വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കൂടാതെ ഗോദാവരി നദീ ശുദ്ധീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര പോലുള്ള പ്രമുഖ ഗ്രൂപ്പുകൾ നാസിക്കിൽ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഐടി, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽ മേഖലകളിൽ വൻ മുന്നേറ്റമുണ്ടാകുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. മന്ത്രിമാരായ ഗിരീഷ് മഹാജൻ, ഉദയ് സാമന്ത് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

