Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇനിയെങ്കിലും ആളുകൾ...

‘ഇനിയെങ്കിലും ആളുകൾ എന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് അവസാനിപ്പിക്കുമായിരിക്കും’ -33 വർഷം പഴക്കമുള്ള കേസിൽ കുറ്റമുക്തനായ മുഹമ്മദ് നയീം

text_fields
bookmark_border
https://www.madhyamam.com/tags/nia-court
cancel

ലഖ്നോ: 33 വർഷം പഴക്കമുള്ള രാജ്യദ്രോഹക്കേസിൽ 78കാരനെ വെറുതെ വിട്ട് ലഖ്നോയി​ലെ പ്രത്യേക എൻ.ഐ.എ കോടതി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശിയായ മുഹമ്മദ് നയീമിനെയാണ് കുറ്റമുക്തനാക്കിയത്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ഉമാകാന്ത് ജിൻഡാൽ ചൂണ്ടിക്കാട്ടി.

1993 ജനുവരി 26നാണ് ഗൊരഖ്പൂരിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ മുഹമ്മദ് നയീമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് പട്രോളിങ്ങിനിടെ ഇസ്മായിൽപൂർ പ്രദേശത്ത് ചിലർ കരിങ്കൊടി ഉയർത്തുകയും ‘പാകിസ്താൻ സിന്ദാബാദ്’, ‘റിപ്പബ്ലിക് ഡേ മൂർധാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു എന്നായിരുന്നു എഫ്.ഐ.ആറിലെ പ്രധാന ആരോപണം. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഇന്ത്യയിൽ മറ്റൊരു പാകിസ്താൻ വേണമെന്ന തരത്തിൽ ഇവർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും, മതസൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്നും പൊലീസ് ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് നാല് കരിങ്കൊടികൾ കണ്ടെടുത്തതായും രേഖപ്പെടുത്തി. തുടർന്ന് മുഹമ്മദ് നയീം, മുഹമ്മദ് യൂസഫ്, അതാഉല്ല എന്നിവർക്കെതിരെ ഐ.പി.സി സെക്ഷൻ 124A (രാജ്യദ്രോഹം), 295A, 153B എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

വിചാരണ വേളയിൽ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് കോടതി ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു എന്ന് പറയപ്പെടുന്ന കരിങ്കൊടികളോ, അത് വ്യക്തമാക്കുന്ന രേഖകളോ വിചാരണവേളയിൽ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് എത്തുമ്പോഴേക്കും മുദ്രാവാക്യം വിളിച്ചവർ ഓടിരക്ഷപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായ കോൺസ്റ്റബിൾ ദുർവിജയ് സിങ് സമ്മതിച്ചതോടെ, പ്രതികളെ എങ്ങനെ തിരിച്ചറിഞ്ഞു എന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകാനുമായില്ല.

പ്രതികളെ തിരിച്ചറിയാനോ മുഹമ്മദ് നയീമിനെ സംഭവവുമായി ബന്ധിപ്പിക്കാനോ സഹായിക്കുന്ന സ്വതന്ത്ര സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പരാതിക്കാരനായ അന്നത്തെ ഇൻസ്‌പെക്ടറെ ക്രോസ് വിസ്താരത്തിന് വിധേയനാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.

കേസിന്റെ അന്വേഷണം വർഷങ്ങളോളം ഇഴഞ്ഞുനീങ്ങുകയായിരുന്നു. പ്രതികളെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളില്ലെന്ന് കാണിച്ച് 2003ൽ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. തുടർന്ന്, 2005ൽ മറ്റൊരു ഉദ്യോഗസ്ഥൻ പുതിയ തെളിവുകളൊന്നും ശേഖരിക്കാതെ പഴയ രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ മുഹമ്മദ് നയീമിനും അതാഉല്ലക്കുമെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. താൻ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ലെന്നും പുതിയ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ഈ ഉദ്യോഗസ്ഥൻ കോടതിയിൽ സമ്മതിക്കുകയും ചെയ്തു.

33 വർഷം നീണ്ട നിയമപോരാട്ടത്തിനിടെ കൂട്ടുപ്രതികളായ മുഹമ്മദ് യൂസഫും അതാഉല്ലയും മരണപ്പെട്ടു. അവശേഷിച്ച ഏക പ്രതിയായ മുഹമ്മദ് നയീം മാത്രമാണ് ഇത്രയുംകാലം വിചാരണ നേരിട്ടത്. നിയമഭേദഗതികളെ തുടർന്ന് കേസ് പിന്നീട് ലഖ്നോയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

കോടതി കുറ്റവിമുക്തനാക്കിയെന്ന വിധി കേട്ടതോടെ മുഹമ്മദ് നയീം വിങ്ങിപ്പൊട്ടി. ഇനിയെങ്കിലും ആളുകൾ തന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് അവസാനിപ്പിക്കുമെന്ന് കരുതുന്നുവെന്നും, നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും കഴിഞ്ഞ 33 വർഷമായി എല്ലാവരോടും പറയുകയായിരുന്നുവെന്നും അദ്ദേഹം വികാരാധീതനായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LucknowIndia Newslegal battleaccused acquittedSpecial NIA court
News Summary - 33 വർഷം പഴക്കമുള്ള രാജ്യദ്രോഹ കേസിൽ 78കാരനെ കുറ്റമുക്തനാക്കി
Next Story