ഇന്ത്യ-പാക് സംഘർഷം: അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു
text_fieldsന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നതോടെയാണ് വടക്കൻ, വടക്കുപടിഞ്ഞാറൻ മേഖലയിലെ വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനിച്ചത്.
ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്സർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളാണ് തുറന്നത്. വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോ അവരുടെ സൈറ്റുകൾ പരിശോധിച്ചോ വിമാനങ്ങളുടെ വിവരങ്ങൾ മനസ്സിലാക്കാമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ് എന്നീ വിമാനത്താവളങ്ങളും അടച്ചിരുന്നു. എന്നാൽ, വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധന തുടരും. നിലവിലെ സുരക്ഷാ പരിശോധനകൾക്കു പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’ (എസ്.എൽ.പി.സി) കൂടി ഏർപ്പെടുത്തിയിരുന്നു.
ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. അതിനാൽ യാത്രക്കാർ നേരത്തെ എത്തണം. തുറന്ന വിമാനത്താവളങ്ങളിൽ ഇൻഡിഗോ, സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള കമ്പനികൾ സർവിസ് പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

