കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ നീക്കം; 3000 പൊലീസുകാരെ വിന്യസിച്ച് ഹരിയാന സർക്കാർ
text_fieldsചണ്ഡീഗഢ്: കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള നീക്കവുമായി ഹരിയാന സർക്കാർ. ഹിസാർ ജില്ലയിൽ പ്രക്ഷോഭത്തിലുള്ള കർഷകർ നാളെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതി ഉപരോധിച്ച് നടത്തുന്ന സമരത്തെ നേരിടാൻ മൂവായിരത്തോളം സായുധ പൊലീസിനെയാണ് ഹരിയാന സർക്കാർ നിയോഗിക്കുന്നത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെ പ്രതിഷേധിച്ച 350ഓളം കർഷകർക്കെതിരെ ഹിസാർ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വധശ്രമം, കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമവും ഇവർക്കെതിരെ ചുമത്തി.
തുടർന്ന്, കേസെടുക്കാൻ നിർദേശം നൽകിയ പൊലീസ് ഐ.ജിയുടെ ഹിസാറിലെ വസതി ഉപരോധിക്കാൻ കർഷകർ തീരുമാനിക്കുകയായിരുന്നു.
ദ്രുതകർമ്മ സേനയുടെ 30 കമ്പനിയെയാണ് കർഷകരുടെ സമരത്തെ നേരിടാൻ നിയോഗിച്ചിരിക്കുന്നത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് ഹിസാറിലെ സാഹചര്യങ്ങൾ ഇന്ന് വിലയിരുത്തിയിരുന്നു.
കർഷകദ്രോഹപരമായ കാർഷിക ബില്ലുകൾക്കെതിരെ കഴിഞ്ഞ ആറു മാസമായി പ്രക്ഷോഭത്തിലാണ് കർഷകർ. സമരത്തിന് ആറുമാസം തികയുന്ന ബുധനാഴ്ച ബ്ലാക്ക് ഡേ ആചരിക്കാനാണ് കർഷകരുടെ തീരുമാനം. ഇതിൻറെ ഭാഗമായി കൂടുതൽ കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹി കോവിഡ് വ്യാപനത്തെ തുടർന്ന് നിലവിൽ ലോക്ഡൗണിലാണ്.
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് കർഷകരുടെ ഉറച്ച നിലപാട്. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കേന്ദ്ര സർക്കാറുമായി നിരവധി പ്രാവശ്യം ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താൻ സാധിച്ചിരുന്നില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മാറ്റങ്ങൾ വരുത്താം എന്നുമാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

