ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്ത് 2.3 ലക്ഷം ച. അടിയിൽ 30 അനധികൃത മതസ്ഥാപനങ്ങൾ; പൊളിച്ചുനീക്കാൻ ഉത്തരവ്
text_fieldsമുംബൈ: നവി മുംബൈയിലെ 30 അനധികൃത മതസ്ഥാപനങ്ങൾ പൊളിച്ച് നീക്കാൻ നിർദേശം നൽകി മഹാരാഷ്ട്ര സർക്കാർ. നഗര-വ്യവസായ വികസന കോർപറേഷനും നവി മുംബൈ മുൻസിപ്പൽകോർപറേഷനുമാണ് നിർദേശം. ഉരുൾപൊട്ടൽ സാധ്യതയുള്ള ബേലാപുർ, പാർസിക് മലനിരകൾക്ക് സമീപം 2.3 ലക്ഷം ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന മതസ്ഥാപനങ്ങളാണ് പൊളിച്ചു നീക്കുക.
ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മനുഷ്യാവകാശ കമീഷൻ മുമ്പാകെ സംസ്ഥാന ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. മാധ്യമ വാർത്തകളെ തുടർന്ന് വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുക്കുകയായിരുന്നു.
തിങ്കളാഴ്ച കേസിന്റെ അവസാന സിറ്റിങ് നടത്തി കമീഷൻ ഇത് അവസാനിപ്പിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ നഗര വികസന ഡിപ്പാർട്ട്മെന്റ് ജോയിൻസ് സെക്രട്ടറി സുബ്ബറാവു നാരായൺ ഷിൻഡെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് അറിയിച്ചതോടെയാണ് കേസ് അവസാനിപ്പിച്ചത്.
കെട്ടിടങ്ങൾ പൊളിക്കുന്നതിന് സുരക്ഷയൊരുക്കാൻ നവി മുംബൈ മുൻസിപ്പൽ കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ പ്രദേശത്തെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ കാമ്പയിനുമായി എൻ.ജി.ഒയായ നാറ്റ്കണക്ട് ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു. മലനിരകളിൽ 20,000 മുതൽ 40,000 വരെ ചതുരശ്ര അടിയിൽ ഹാളുകൾ ഉൾപ്പെടെ നിർമിച്ച് 2000 പേരെ വരെ ഉൾക്കൊള്ളിച്ച് പരിപാടികൾ നടത്തുന്നത് അപകടങ്ങൾക്ക് കാരണമാവുമെന്ന് നിരവധി എൻ.ജി.ഒകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

