കുംഭമേളയിലെ തിക്കും തിരക്കും; മരണം 30 ആയി, 60ലേറെ പേർക്ക് പരിക്ക്
text_fieldsമഹാകുംഭ്നഗർ (യു.പി): മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിനിടെ തിക്കിലും തിരക്കിലും നിരവധി പേർ മരിച്ചു. 30 പേരുടെ മരണം സ്ഥിരീകരിച്ചു. 60 പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായതായാണ് വിവരം. മരിച്ചവരിൽ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും കൂടാമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സംഭവത്തിൽ യു.പി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
ബുധനാഴ്ച പുലർച്ച ഒരുമണിയോടെയാണ് ദുരന്തം. സന്യാസിമാർക്കൊപ്പമുള്ള ഗംഗാ സ്നാനത്തിന് ഭക്തർ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. മൗനി അമാവാസി ദിനമായതിനാൽ കോടിക്കണക്കിന് ഭക്തരാണ് ബുധനാഴ്ച സംഗമ സ്നാനത്തിനെത്തിയത്. ഭക്തർ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ജനക്കൂട്ടത്തിന്റെ തള്ളലിലാണ് പലരും നിലത്തുവീണതെന്നും ഇവർക്ക് രക്ഷപ്പെടാനായില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. ഇവരിൽ അമ്മയും രണ്ടു പെൺമക്കളും ഉൾപ്പെടെ നാലുപേർ കർണാടക സ്വദേശികളാണ്.
അപകടത്തിൽപെട്ടവരെ സ്ട്രച്ചറുകളിലും ആംബുലൻസുകളിലും പൊലീസ് വാഹനങ്ങളിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ നടത്തുന്ന അമൃതസ്നാനം മോക്ഷം നൽകുമെന്നാണ് വിശ്വാസം. ദുരന്തത്തിന് പിന്നാലെ നിർത്തിവെച്ച സ്നാനം ബുധനാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു. ആചാരമനുസരിച്ച് മൂന്ന് സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തിലാണ് ഭക്തർ സ്നാനം നടത്തുന്നത്. സന്യാസി, ബൈരാഗി, ഉദസീൻ എന്നീ മൂന്ന് സന്യാസി സമൂഹങ്ങളിൽപെട്ടവരുടെ നേതൃത്വത്തിലാണ് പുണ്യസ്നാനം. 12 വർഷത്തിന് ശേഷമുള്ള കുംഭമേള ജനുവരി 13നാണ് തുടങ്ങിയത്. ഫെബ്രുവരി 26ന് അവസാനിക്കും. പ്രയാഗ് രാജിൽ 9-10 കോടി ഭക്തർ എത്തിയിരുന്നുവെന്നും ജനക്കൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ, ക്രമീകരണത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

