ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. മദ്രാസ് ഹൈകോടതിയാണ് പരോള്‍ അനുവദിച്ചത്.
ജയിലിലെ അംഗങ്ങൾക്ക് കോവിഡ് ഉണ്ടെന്നും മകന്റെ ആരോഗ്യം അപകടത്തിലാണെന്നും വിദഗ്ദ ചികിത്സയ്ക്കായി മൂന്ന് മാസത്തെ പരോൾ അനുവദിക്കണമെന്നും പേരറിവാളന്റെ അമ്മ അർപുതമ്മാൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പരോൾ അപേക്ഷയെ എതിർത്തു. തുടർന്ന് പേരറിവാളന് ഒരു മാസത്തെ പരോൾ അനുവദിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
പേരറിവാളന് ഉള്‍പ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയയ്ക്കാന് 2014ല്‍ ജയലളിത സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
പേരറിവാളനും നളിനിയും ഉള്‍പ്പടെ കേസിലെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് ജയില്‍ മോചിപ്പിക്കണമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ ശിപാര്‍ശ.