‘വന്ദേമാതരം’ തടഞ്ഞാൽ ഇനി ജയിൽ? മൂന്നുവർഷം വരെ ശിക്ഷ; ബിൽ വർഷകാല സമ്മേളനത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദേശീയഗാനമായ ‘ജനഗണമന’ക്ക് തുല്യമായി ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും പ്രത്യേക പരിരക്ഷ നൽകുന്നു. ‘വന്ദേമാതരം’ ആലാപനം മനഃപൂർവം തടയുകയോ ആലാപനം നടക്കുന്ന ചടങ്ങുകളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (അമെൻഡ്‌മെന്റ്) ബിൽ, 2026’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാകും രാജ്യസഭയിൽ അവതരിപ്പിക്കുക. ‘വന്ദേമാതരം’ തടസ്സപ്പെടുത്തിയാൽ തടവുശിക്ഷക്കു പുറമെ പിഴ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. തടവും പിഴയും രണ്ടും കൂടിയും ശിക്ഷ വിധിക്കാം.
നിലവിൽ ‘വന്ദേമാതരം’ ആലാപനത്തെ അപമാനിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ തടയാൻ പ്രത്യേക നിയമ വ്യവസ്ഥയില്ലെന്ന് ബില്ലിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വ്യക്തമാക്കുന്ന രേഖയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് ബില്ലിന് അനുമതി നൽകിയത്. ജൂലൈ 20 ന് തുടങ്ങി ആഗസ്റ്റ് 13 വരെ നീളുന്നതാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം.
‘ജനഗണമന’യെ സംബന്ധിച്ച നിലവിലെ നിയമ വ്യവസ്ഥയിൽ ‘വന്ദേമാതര’ത്തെയും ഉൾപ്പെടുത്തുന്നതിനാണ് നിയമത്തിലെ മൂന്നാം വകുപ്പ് ഭേദഗതി ചെയ്യുക. 1950 ജനുവരി 24ന് ചേർന്ന ഭരണഘടന നിർമാണ സഭായോഗത്തിൽ അധ്യക്ഷത വഹിച്ച ഡോ. രാജേന്ദ്ര പ്രസാദ്, ‘വന്ദേമാതരം’ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ച ഗാനമാണെന്നും ‘ജനഗണമന’ക്ക് തുല്യമായ പരിഗണന അതിനു നൽകണമെന്നും ആവശ്യമുന്നയിച്ചത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്. ഇതിലൂടെ വന്ദേമാതരം ആലാപനം തടയുന്ന നടപടികൾ ശിക്ഷാർഹമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഔദ്യോഗിക പരിപാടികളിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ അടുത്തിടെ നൽകിയിരുന്നു. ‘വന്ദേമാതര’ത്തിന് മാർഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നായിരുന്നു നിർദേശം.
ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുമ്പത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം വേണം ആദ്യം ആലപിക്കാൻ. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം. പൂർണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമായും കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
സ്കൂളുകളിലും സർവകലാശാലകളിലും ദൈനംദിന പ്രാർഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി ‘വന്ദേമാതരം’ കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

