ഞങ്ങളുടെ പ്രിയപ്പെട്ടവരെവിടെ സർക്കാരേ?; നീതി ലഭിക്കാതെ ഇരകൾ, മണിപ്പൂർ വംശീയ അതിക്രമത്തിൽ മൂന്നുവർഷം പിന്നിട്ടും റിപ്പോർട്ട് സമർപ്പിക്കാതെ കേന്ദ്രസംഘം
text_fieldsഇംഫാൽ: മൂന്ന് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ മണിപ്പൂരിൽ വംശീയ അക്രമത്തിൽ കാണാതായവരുടെ കുടുംബങ്ങൾ. 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വംശീയ ആക്രമണത്തിൽ കാണാതായ 30 ലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവർ എവിടെയെന്ന ചോദ്യത്തിന് കുടുംബങ്ങൾക്ക് യാതൊരു മറുപടിയും നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി അസഹനീയമായ നിശബ്ദതയും അനിശ്ചിതത്വവും അനന്തമായ കാത്തിരിപ്പുമാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് കുടുംബങ്ങൾ പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് യാതൊരു തരത്തിലുള്ള മറുപടിയും നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
പലരെയും അക്രമത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കാണാതായിട്ടുണ്ട്. പൊലീസിൽ പരാതിപ്പെടുകയും മണിപ്പൂർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടും, കാണാതായവരെ കണ്ടെത്തുന്നതിനുള്ള നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനും കേസുകൾ മറക്കുന്നില്ലെന്ന് ഉറപ്പാക്കാനും കുടുംബങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരാളെ കാണാതായാൽ ഏഴ് വർഷത്തിന് ശേഷം മാത്രമേ നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാൻ കഴിയൂ. അതിനാൽ ആ കാലയളവിന് മുമ്പ് കുടുംബങ്ങൾക്ക് മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കില്ല. മരണ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ, ഇരകളുടെ കുടുംബങ്ങൾക്കുള്ള സർക്കാർ പദ്ധതികൾ, നഷ്ടപരിഹാരം, വാഗ്ദാനം ചെയ്യപ്പെട്ട ജോലി തുടങ്ങിയവ ലഭിക്കില്ല.
"എന്റെ ഭർത്താവ് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു. ഈ സംഭവത്തിനുശേഷം, അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. സർക്കാർ ജോലിയും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നും നൽകിയിട്ടില്ല," അക്രമം ആരംഭിച്ചതുമുതൽ ഭർത്താവിനെ കാണാതായ കബിത ദേവി പറഞ്ഞു. കുടുംബം അനിശ്ചിതത്വത്തിലാണെന്നും അവർ പറഞ്ഞു."മരണ സർട്ടിഫിക്കറ്റ് കാണിക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെടുന്നു. കാരണം അതില്ലാതെ ഞങ്ങളുടെ അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കില്ല. ഏഴ് വർഷം കാത്തിരിക്കാനാണ് പറഞ്ഞത്. പക്ഷേ ഭർത്താവ് എവിടെയെന്നറിയാതെ ഞങ്ങൾ എങ്ങനെ ഇങ്ങനെ ജീവിക്കും?" - അവർ ചോദിക്കുന്നു.
നീണ്ട അനിശ്ചിതത്വം തങ്ങളുടെ ജീവിതത്തെ തകർത്തതായി അക്രമത്തിനിടെ ഭർത്താവിനെ കാണാതായ രഞ്ജിത ദേവി പറഞ്ഞു. "എന്റെ ഭർത്താവിനെ അന്നുമുതൽ കാണാനില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയില്ല. ഞങ്ങൾ സഹായം അഭ്യർഥിച്ചിരുന്നു, പക്ഷേ വ്യക്തമായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല," അവർ പറഞ്ഞു. അതിജീവനത്തിന് പാടുപെടുകയാണ് കുടുംബമെന്നും സർക്കാർ ഞങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തി നീതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
മണിപ്പൂരിൽ 270 പേരുടെ മരണത്തിന് കാരണമായ അക്രമത്തിന്റെ കാരണവും വീഴ്ചകളും അന്വേഷിക്കുന്നതിന് കേന്ദ്രം നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷൻ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതിനിടെ നാല് തവണ സമയപരിധികൾ നീട്ടിനൽകിയിരുന്നു.മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം തികഞ്ഞു. 2023 മേയ് 3 ന് മെയ്‌റ്റെയി, കുക്കി സമുദായങ്ങൾക്കിടയിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിന് ശേഷം 2023 ജൂൺ 4 നാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

