പിതാവ് മൂന്ന് വട്ടം വിലക്കിയിട്ടും കേട്ടില്ല; എയിംസിൽ കാൻസർ ബാധിതനായ മൂന്ന് വയസ്സുകാരന് നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, പിന്നാലെ ദാരുണാന്ത്യം
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ എയിംസoൽ നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് കാൻസർ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. ബയോപ്സി സാമ്പിളുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മാരക വിഷാംശമുള്ള ‘ഫോർമാലിൻ’ എന്ന കെമിക്കൽ മാറി കുത്തിവെച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. സിറിഞ്ചിലുള്ളത് ഐ.വി ഫ്ലൂയിഡ് അല്ലെന്ന് കുട്ടിയുടെ പിതാവ് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ചാണ് നഴ്സ് കുത്തിവെപ്പ് നടത്തിയത്.
സംഭവത്തിൽ രണ്ട് നഴ്സിങ് ഓഫീസർമാർക്കെതിരെ പൊലീസ് കേസെടുത്തു. എയിംസ് അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാഗർ ജില്ലയിലെ ബീനാ തെഹ്സിൽ സ്വദേശിയായ സിദ്ധാർത്ഥ് യാദവിന്റെ മകൻ സാർത്ഥക് യാദവ് ആണ് മരിച്ചത്. ബ്ലഡ് കാൻസർ ബാധിതനായിരുന്ന കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്ന് 2025 ഡിസംബർ 15നാണ് എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്.
ഡിസംബർ 16ന് കുട്ടിയുടെ ബോൺമാരോ പരിശോധനയ്ക്കായി നഴ്സിങ് ഓഫീസർ അനുഗ ഗുജറാത്തിയാണ് 10 ml സിറിഞ്ചിൽ ഫോർമാലിൻ വാർഡിലേക്ക് കൊണ്ടുവന്നത്. എന്നാൽ പരിശോധന പിന്നീട് മാറ്റിവെച്ചെങ്കിലും മാരക കെമിക്കൽ അടങ്ങിയ ഈ സിറിഞ്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനോ നശിപ്പിച്ചു കളയാനോ ഇവർ തയാറായില്ല. കുട്ടിയുടെ കട്ടിലിനടുത്തുള്ള ലോക്കറിൽ ഇത് അശ്രദ്ധമായി ഉപേക്ഷിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ 7.15-ഓടെ കുട്ടിയുടെ ഐ.വി ലൈൻ തടസ്സപ്പെട്ടു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫീസർ മധുബാല, സിറിഞ്ചിലെ ലേബലോ ഉള്ളടക്കമോ പരിശോധിക്കാതെ കട്ടിലിനരികിലിരുന്ന ഫോർമാലിൻ സിറിഞ്ച് എടുത്ത് കുത്തിവെയ്ക്കുകയായിരുന്നു. ഈ സമയം കട്ടിലിനരികിലുണ്ടായിരുന്ന കുട്ടിയുടെ പിതാവ് അത് കുത്തിവെയ്ക്കരുതെന്നും ഡോക്ടറോട് ചോദിക്കാതെ നൽകരുതെന്നും മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും നഴ്സ് അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കെമിക്കൽ രക്തത്തിൽ കലർന്നയുടൻ കുട്ടി ബോധരഹിതനായി. ഉടനടി പീഡിയാട്രിക് ഐ.സി.യുവിലേക്ക് മാറ്റി സി.പി.ആർ ഉൾപ്പെടെയുള്ള അടിയന്തര ചികിൽസകൾ നൽകിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങി.
എയിംസ് മെഡിക്കൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും നഴ്സിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ കെമിക്കൽ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും മരണത്തിന് കാരണമായ വീഴ്ച വരുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ 106(1), 286 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റാരോപിതരായ രണ്ട് നഴ്സിങ് ഓഫീസർമാരെയും എയിംസ് അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

