മൂന്ന് വർഷം തടവ്, 5000 രൂപ പിഴ; ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമം പാസാക്കാനൊരുങ്ങി കർണാടക സർക്കാർ
text_fieldsബംഗളൂരു: ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പുതിയ നിയമത്തിന്റെ കരട് ബില്ലുമായി കർണാടക സർക്കാർ. ബംഗളൂരുവിൽ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് കരട് ബിൽ അവതരിപ്പിച്ചത്.
രാഷ്ട്രീയ റാലികൾ, സമ്മേളനങ്ങൾ, സ്പോൺസേഡ് പരിപാടികൾ തുടങ്ങിയ നിയന്ത്രിക്കുകയാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, മതപരവും പരമ്പരാഗതവുമായ ഉൽസവങ്ങളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണ ബില്ല് 2025 എന്നാണ് ബില്ലിന്റെ പേര്. കരട് ബില്ല് ഇന്ന് നടന്ന മന്ത്രിസഭായോഗം ചർച്ചക്കെടുത്തു.അടുത്ത യോഗത്തിൽ ബില്ല് പാസാക്കുമെന്നാണ് കരുതുന്നത്. വലിയ ഒത്തുചേരലുകൾ നിയന്ത്രിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 5000 പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷകൾ കരട് നിയമത്തിൽ ശിപാർശയുണ്ട്.
മേളകൾ, രഥോത്സവങ്ങൾ, പല്ലക്കി ഉത്സവം, വള്ളംകളി (തെപ്പട തെരു അല്ലെങ്കിൽ തെപ്പോത്സവം), ഉറൂസ് എന്നിവയെ ബില്ലിന്റെ പരിധിയിൽ നിന്ന് ബിൽ ഒഴിവാക്കിയിട്ടുണ്ട്. ഏതു പരിപാടികൾ നടത്താനും ഇനി അനുമതി വേണം.
ബംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക സർക്കാറിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

