കോവിഡ് വാക്സിൻ എടുക്കാനെത്തിയ സ്ത്രീകൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി
text_fieldsലഖ്നോ: കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് എടുക്കാനെത്തിയ മൂന്ന് സ്ത്രീകൾക്ക് യു.പിയിലെ ആശുപത്രിയിൽ പേവിഷബാധയേറ്റവർക്ക് നൽകുന്ന ആന്‍റി റാബീസ് കുത്തിവെപ്പ് നൽകി. സംഭവത്തിൽ ജില്ല മജിസ്ട്രേറ്റ് അന്വേഷണം നടത്തി.
സരോജ് (70), അനാർക്കലി (72), സത്യവതി (60) എന്നീ സ്ത്രീകൾക്കാണ് കോവിഡ് വാക്സിന് പകരം ആന്‍റി റാബീസ് വാക്സിൻ നൽകിയത്. സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്യാൻ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു.
കുത്തിവെപ്പെടുത്ത് വീട്ടിലെത്തിയ സ്ത്രീകൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കുത്തിവെപ്പ് എടുക്കുന്ന സമയത്ത് ആധാർ വിവരങ്ങൾ ഉൾപ്പെടെ ചോദിച്ചില്ലെന്നും അപ്പോൾ തന്നെ സംശയമുണ്ടായിരുന്നെന്നും സ്ത്രീകളിലൊരാൾ പറഞ്ഞു.
വാക്സിൻ എടുക്കുന്നത് ഇവിടെത്തന്നെയല്ലേയെന്ന് ഫാർമസിസ്റ്റിനോട് ചോദിച്ചിരുന്നു. 10 രൂപയുടെ സിറിഞ്ച് വാങ്ങിച്ചെല്ലാനാണ് നിർദേശിച്ചതെന്നും ഇവർ പറഞ്ഞു.
അതേസമയം, ഒന്നാംനിലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലല്ല സ്ത്രീകൾ എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. ആശുപത്രിയിലെ ഫാർമസിസ്റ്റ് പുറത്തുപോകുന്ന തിരക്കിലായിരുന്നു. ജൻ ഔഷധി കേന്ദ്രത്തിലുണ്ടായിരുന്ന ഫാർമസിസ്റ്റിനോട് സ്ത്രീകൾക്ക് ആന്‍റി റാബീസ് കുത്തിവെപ്പ് നൽകാൻ ഇയാളാണ് നിർദേശിച്ചത്. ഒരു തരത്തിലുമുള്ള അന്വേഷണവും നടത്താതെ കുത്തിവെപ്പ് എടുക്കുകയുമായിരുന്നുവെന്ന് ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.
യു.പിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നതിനിടെയാണ് സംഭവം. ഇന്ന് 9695 പേർക്കാണ് യു.പിയിൽ കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

