അടുത്തവർഷം മുതൽ മൂന്ന് തരം വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കും -മന്ത്രി
text_fieldsഡെറാഡൂൺ: വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് തരം പതിപ്പുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്സ് എന്നിങ്ങനെ മൂന്ന് തരം ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ശതാബ്ദികൾ, രാജധാനികൾ, ലോക്കൽ ട്രെയിനുകൾ എന്നിവയ്ക്ക് പകരമായി തയാറാക്കുന്ന ഈ തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ അടുത്ത വർഷം മാർച്ചിൽ ഓടിതുടങ്ങുമെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
100 കിലോമീറ്ററിൽ താഴെയുള്ള ദൂരം സഞ്ചരിക്കുന്ന വന്ദേ മെട്രോ, 100-550 കിലോമീറ്ററിനുള്ളിലുള്ളത് വന്ദേ ചെയർ കാർ, 550 കിലോമീറ്ററിന് അപ്പുറത്തുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പർ എന്നിങ്ങനെയാണ് മൂന്ന് ഫോർമാറ്റുകൾ. ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്ന് വൈഷ്ണവ് പറഞ്ഞു.