ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ കൂടി വധിച്ചു; പൊലീസിനെ ആക്രമിച്ച മുഴുവൻ പേരെയും കൊലപ്പെടുത്തിയെന്ന്
text_fieldsന്യൂഡൽഹി: ജമ്മുകശ്മീർ മൂന്ന് ഭീകരരെ വധിച്ചുവെന്ന് സൈന്യം. ഈ മാസം ആദ്യം പൊലീസിന്‍റെ ബസാക്രമിച്ച കേസിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാളും കൊല്ലപ്പെട്ടുവെന്ന് സൈന്യം വ്യക്തമാക്കി. ശ്രീനഗറിന്‍റെ പ്രാന്തപ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പൊലീസുകാർക്കും ഒരു സി.ആർ.പി.എഫ് ജവാനും ഏറ്റുമുട്ടലിൽ പരിക്കേറ്റു. പതാൻചൗക്കിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും കശ്മീർ പൊലീസ് കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ സെവാനിൽ പൊലീസ് ക്യാമ്പിന് സമീപം ബസ് ആക്രമിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുഹൈൽ അഹമ്മദ് റാത്തറും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. സെവാനിലെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ ബസ് ആക്രമണത്തിലെ പ്രതികളായ മുഴുവൻ ഭീകരരേയും കൊലപ്പെടുത്തിയെന്ന് സൈന്യം അവകാശപ്പെട്ടു. 36 മണിക്കൂറിനിടെ മൂന്നാമത്തെ ഏറ്റുമുട്ടലാണ് സൈന്യം നടത്തുന്നത്. ഏറ്റുമുട്ടലുകളിൽ ഇതുവരെ ഒമ്പത് പേർ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു