ജമ്മുവിൽ ടോള്‍പ്ലാസക്ക് നേരെ വെടിവെപ്പ്; മൂന്നു തീവ്രവാദികളെ വധിച്ചു
text_fieldsശ്രീനഗര്‍: ജമ്മു- ശ്രീനഗർ ദേശീയപാതയിൽ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന മൂന്ന് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
നാഗര്‍ഗോട്ടയിലെ ബാൻ ടോള്‍ പ്ലാസയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. നാലുപേരടങ്ങളിയ സംഘമാണ് പൊലീസിനു നേരെ വെടിയുതിര്‍ത്തത്. ടോൾ പ്ലാസക്ക് സമീപത്ത് വെച്ച് തീവ്രവാദികൾ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് െപാലീസ് പരിശോധന നടത്തുന്നതിനിടെ ആയിരുന്നു വെടിവെപ്പ്.
ഭീകരർ വെടിവെച്ചതോടെ പൊലീസും സി.ആർ.പി.എഫ് സംഘവും പ്രത്യാക്രമണം നടത്തി. ഭീകരരിൽ ഒരാൾ കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികള്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ് നടത്തിയ വെടിവെപ്പിൽ രണ്ട് തീവ്രവാദികളെ വധിച്ചു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.
