കോൺഗ്രസ് റാലിയെ തുടർന്ന് ഗതാഗതക്കുരുക്ക്; ബംഗളൂരുവിൽ മൂന്ന് വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ല, രാഷ്ട്രീയ വിവാദം
text_fieldsബംഗളൂരു: കർണാടകയിലെ ബംഗളൂരു നഗരത്തിൽ കോൺഗ്രസ് റാലിയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ അകപ്പെട്ട മൂന്ന് വിദ്യാർഥികൾക്ക് കൃത്യസമയത്ത് പരീക്ഷകേന്ദ്രത്തിലെത്താൻ സാധിക്കാത്തതിനെ തുടർന്ന് നീറ്റ് യു.ജി പുനഃപരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്. രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയപോരിനും ഇത് കാരണമായി.
ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായതായും ഇതിനെ തുടർന്നാണ് കുട്ടികൾ വൈകിയെത്താൻ കാരണമായതെന്നും രക്ഷിതാക്കൾ ആരോപിച്ചു. പരീക്ഷാ കേന്ദ്രത്തിലെത്തിയെങ്കിലും പ്രവേശന കവാടം അടച്ചതിനാൽ പരീക്ഷ എഴുതാൻ അവസരം ലഭിച്ചില്ലെന്നാണ് പരാതി. ചില വിദ്യാർഥികൾ കരഞ്ഞുകൊണ്ട് പുറത്തുനിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതാണ് രാഷ്ട്രീയ വിവാദത്തിനും കാരണമായത്.
ഞായറാഴ്ച ഉച്ച രണ്ടുമണിക്കാണ് പരീക്ഷ ആരംഭിച്ചത്. അരമണിക്കൂർ മുമ്പ് വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. എന്നാൽ, സമയം വൈകിയതോടെ മാതാപിതാക്കൾ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാൻ സാധിച്ചില്ല. റാലി കാരണം അവസാന നിമിഷമാണ് പരീക്ഷാ കേന്ദ്രത്തിലെത്താൻ കഴിഞ്ഞതെന്ന് വിദ്യാർഥികളിലൊരാളുടെ പിതാവ് പറഞ്ഞു. നീറ്റ് പരീക്ഷക്കിടെ നഗരത്തിൽ റാലി നടത്തിയതിന് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും അവർ കുറ്റപ്പെടുത്തി.
‘സാധാരണയായി 20 മിനിറ്റ് എടുക്കുന്ന ഏഴു കിലോമീറ്റർ ദൂരം ഞായറാഴ്ച 35 മിനിറ്റിലധികം എടുത്തു. ഒരു പിതാവെന്ന നിലയിൽ പരിഭ്രാന്തനായി. ഫുട്പാത്തിലൂടെ വണ്ടി ഓടിക്കേണ്ടിവന്നു. പൊലീസുകാർ ശകാരിച്ചു. പക്ഷേ മറ്റ് മാർഗങ്ങളില്ലായിരുന്നു. രാഹുൽ ഗാന്ധി വിദ്യാർഥികളുടെ ആവശ്യത്തിനായി കോട്ടയിലേക്ക് പോയി. എന്നാൽ, ഞായറാഴ്ചത്തെ പരിപാടി കാരണം നാല് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ആരാണ് അവരോട് ഉത്തരം പറയേണ്ടത്?’ -ഒരു വിദ്യാർഥിയുടെ പിതാവ് ചോദിച്ചു. നീറ്റ് സെന്ററിന് പുറത്തുള്ള റോഡ് മൂന്ന് മണിക്കൂർ തടസപ്പെട്ടതായും ഒരു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു.
കോൺഗ്രസ് സംഘടിപ്പിച്ച റാലിയാണ് വിദ്യാർഥികൾക്ക് തിരിച്ചടിയായതെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ ആരോപിച്ചു. ഒരു വിദ്യാർഥിയുടെ പിതാവിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തേജസ്വി സൂര്യയുടെ വിമർശനം. എന്നാൽ ആരോപണം തള്ളി കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. കർണാടകയിൽ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും വിദ്യാർഥികൾ പരീക്ഷ എഴുതാതിരുന്നതായി കോൺഗ്രസ് പറഞ്ഞു. നഗരത്തിൽ മൂന്ന് പേരാണ് പരീക്ഷക്ക് ഹാജരാകാതിരുന്നതെന്നും മൂന്ന് വ്യത്യസ്‍ത കാരണങ്ങൾകൊണ്ട് വൈകിയെത്തിയതാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

