കോയമ്പത്തൂരിൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; പ്രതികൾ പിടിയിൽ, കീഴ്പ്പെടുത്താൻ കാലിൽ വെടിവെച്ച് പൊലീസ്
text_fieldsകോയമ്പത്തൂർ: തമിഴ്നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിൽ മൂന്നുപേർ അറസ്റ്റിൽ. പ്രതികളായ തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഞായറാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 19 വയസ്സുകാരിയാണ് അതിക്രമത്തിനിരയായത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിനു സമീപം വൃന്ദാവൻ നഗറിൽ സുഹൃത്തുമായി കാറിൽ സംസാരിച്ചുകൊണ്ടിക്കെ മൂന്നംഗ സംഘമെത്തി ആക്രമിക്കുകയായിരുന്നു. ഇരുചക്രവാഹനത്തിൽ എത്തിയ സംഘം കാറിൽ ഉണ്ടായിരുന്ന യുവാവിനെ അരിവാൾ കൊണ്ട് വെട്ടിയ ശേഷം വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത പ്രതികൾ കടന്നുകളഞ്ഞു. പരുക്കേറ്റ ആൺ സുഹൃത്ത് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സ്വകാര്യ കോളജിനു പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ നഗ്നയാക്കി ഉപേക്ഷിച്ച ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്.
പുലർച്ചെ നാലോടെയാണ് രക്ഷപ്പെടുത്തിയ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിൽപാളയത്തിനു സമീപത്തു നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചാണ് പ്രതികൾ സംഭവ സ്ഥലത്ത് എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, സംഭവത്തെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം കടുക്കുകയാണ്. സ്റ്റാലിൻ സർക്കാറിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

