തലകീഴായി കെട്ടിത്തൂക്കി ഷോക്കേൽപ്പിച്ചു; യു.പിയിൽ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം, ഒരാളുടെ നില ഗുരുതരം
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എ സുശാന്ത് സിങ്ങിന്റെ വീട്ടിൽ മൂന്ന് യുവാക്കളെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി പരാതി. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൊറാദാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരിൽ രണ്ടുപേർ എം.എൽ.എയുടെ വീട്ടിൽ ജോലി ചെയ്തിരുന്നവരാണ്, മൂന്നാമത്തെയാൾ ഇവരുടെ സുഹൃത്താണ്. പരിക്കേറ്റ മൂന്നുപേരിൽ രാമു കശ്യപ്, അയൽവാസിയായ അതുൽ കശ്യപ് എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. രാമുവിന്റെ നില ഗുരുതരമായി തുടരുന്നു. മൂന്നാമത്തെ ഇരയായ ലവിഷ് കശ്യപിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
തന്റെ മകനെയും മറ്റ് രണ്ട് യുവാക്കളെയും എം.എൽ.എയുടെ കൂട്ടാളികൾ ചേർന്ന് മർദ്ദിച്ചതായി കാണിച്ച് രാമുവിന്റെ അമ്മ ഓംവതി കശ്യപ് വെള്ളിയാഴ്ച താക്കൂർദ്വാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മോഷണം ആരോപിച്ച് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. മുറിവുകളിൽ ഉപ്പ് തിരുമ്മുകയും ഇലക്ട്രിക് ഷോക്ക് നൽകുകയും ചെയ്തെന്നും പരാതിയുണ്ട്.
ഒക്ടോബർ 6-ന് എം.എൽ.എയുടെ വസതിയിൽ നിന്ന് സ്വർണ്ണ വള കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് ഇത് നടക്കുന്നതെന്ന് രാമുവിന്റെ ബന്ധു ഓംപാൽ സിംഗ് പറഞ്ഞു. “എം.എൽ.എയുടെ കൂട്ടാളികൾ അതുലിനെയും ലവിഷിനെയും ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. അതുലും ലവിഷുമാണ് വള മോഷ്ടിച്ചെന്ന് കൂട്ടാളികൾ വിശ്വസിച്ചു. വള രാമു കശ്യപിന് കൈമാറിയതായി അവർ പറഞ്ഞുവെന്നും,” ഓംപാൽ പറഞ്ഞു.
ചില ജോലികൾ ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് എം.എൽ.എയുടെ കൂട്ടാളികൾ രാമുവിന്റെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നും ഓംപാൽ അറിയിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ താൻ പിന്നീട് ചില നാട്ടുകാരുമൊത്ത് എം.എൽ.എയുടെ വസതിയിൽ പോയപ്പോൾ യുവാക്കളെ കാണാൻ അനുവദിച്ചില്ലെന്നും പകരം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. ബിജ്നോർ ജില്ലയിലെ ബർഹാപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി എം.എൽ.എ സുശാന്ത് സിങ്ങിന്റെ രണ്ടാമത്തെ ടേമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

