ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; മൂന്ന് മരണം
text_fieldsഹൈദരാബാദ്: ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന്റെ വലതുഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി ഡിവൈഡർ മറികടന്ന് കണ്ടൈനർ ലോറിയിൽ ഇടിക്കുകയായിരുന്നു. മോട്ടോർ സൈക്കിളുകളുമായി വരികയായിരുന്ന ലോറിയുമായാണ് ബസ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ബസിനും ട്രക്കിനും തീപിടിച്ചു. അപകടത്തിൽ ബസ് ഡ്രൈവറും ട്രക്കിന്റെ ഡ്രൈവറും ക്ലീനറുമടക്കം മൂന്ന് പേർ മരിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ ഗ്ലാസ് തകർത്ത് മോചിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സ് എത്തി തീയണച്ച ശേഷം ഇരുവാഹനങ്ങളും റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസിന്റേയും ട്രക്കിന്റേയും ജീവനക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിൽ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ആർക്കും പരിക്കേറ്റില്ലെന്നത് ആശ്വാസ്യകരമാണ്. പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ബസിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

