പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ജയ്ശെ ഭീകരരെ വധിച്ച് സുരക്ഷാസേന
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ത്രാലിന് സമീപം നദീർ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജയ്ശെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സേന അറിയിച്ചു. ഷോപിയാനിൽ മൂന്ന് ലശ്കറെ ത്വയ്യിബ ഭീകരരെ വധിച്ച് 48 മണിക്കൂർ പിന്നിടുന്നതിനിടെയാണ് കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
ചൊവ്വാഴ്ച കൊല്ലപ്പെട്ടവരിൽ ഷോപിയാൻ സ്വദേശികളായ ഷാഹിദ് കുറ്റെ, അദ്നാൻ ഷാഫി എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. 2023ൽ ലഷ്കറിൽ ചേർന്ന ഷാഹിദ്, കഴിഞ്ഞ വർഷം ഏപ്രിലിൽ ഡാനിഷ് റിസോർട്ടിലുണ്ടായ ആക്രമണത്തിലെ പ്രധാനിയായിരുന്നു. ഇതിൽ രണ്ട് ജർമൻ സഞ്ചാരികൾക്കും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. ഹീർപോരയിൽ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയതിലും ഇയാൾക്ക് പങ്കുണ്ട്. 2024ൽ ഭീകരസംഘടനയുടെ ഭാഗമായ ഷാഫി, ഒരു തൊഴിലാളിയെ കൊലപ്പെടുത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ സൈന്യം ശക്തമാക്കിയിട്ടുണ്ട്. കശ്മീരിലെ സുരക്ഷ വർധിപ്പിച്ച സൈന്യം, മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തി മേഖല പൂർണമായും സൈന്യത്തിന്‍റെ നിരീക്ഷണത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.