മാലിയിൽ മൂന്ന് ഇന്ത്യക്കാരെ അൽ ഖാഇദയുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ട് പോയി; മോചനത്തിനുള്ള ശ്രമങ്ങൾ സജീവം
text_fieldsന്യൂഡൽഹി: മൂന്ന് ഇന്ത്യക്കാരെ അൽ ഖാഇദയുമായി ബന്ധമുള്ള ഭീകരർ മാലിയിൽ നിന്ന് തട്ടികൊണ്ട് പോയി. വ്യാഴാഴ്ച രാവിലെ ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായി. പശ്ചിമമാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ ആക്രമണത്തിനിടെയാണ് ഇന്ത്യക്കാരെ തട്ടികൊണ്ട് പോയത്.
ഫാക്ടറിയിലേക്ക് എത്തിയ ഭീകരർ ജീവനക്കാരെ ബന്ദികളാക്കിയെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്. അൽ ഖാഇദയുമായി ബന്ധമുള ജമാത് നുസ്ത്ര് അൽ-ഇസ്‍ലാം-വാൽ-മുസ്‍ലിമിനാണ് മാലിയിൽ ആക്രമണങ്ങൾ നടത്തിയതെന്നാണ് സൂചന. ഇവർ തന്നെയാണ് തട്ടികൊണ്ട് പോകലിനും പിന്നിലുള്ളത്.
ആക്രമണത്തെയും തട്ടികൊണ്ട് പോകലിനേയും അപലപിച്ച് വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനുള്ള നടപടികൾ മാലി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. അക്രമികൾ ഫാക്ടറിയിലേക്ക് ഇരച്ചെത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിക്കുന്നു. ഇവരെ മോചിപ്പിക്കുന്നതിനായി മാലി സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബാംകോയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മാലിയിലെ ഇന്ത്യൻ പൗരൻമാരോട് ജാഗ്രത പുലർത്താനും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. ബന്ദികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

