റെയിൽവേ ട്രാക്കിൽ കിടന്ന് 14കാരന്‍റെ സാഹസിക പ്രകടനം; റീൽസ് ചിത്രീകരിച്ച മൂന്ന് കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsഭുവനേശ്വർ: ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് അപകടകരമായ റീൽസ് ചിത്രീകരണം. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളാണ് സാഹസിക വിഡിയോ ചിത്രീകരിച്ചത്. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികൾ റീൽസ് ചിത്രീകരിച്ചത്. വിഡിയോ വൈറലായതോടെ മൂന്നു കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റെയിൽവേ പാളത്തിൽ കിടക്കുന്ന കുട്ടിയെ വിഡിയോയിൽ കാണാം. സുഹൃത്തായ മറ്റൊരു കുട്ടി വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു. മറ്റൊരു കുട്ടി വിഡിയോ ചിത്രീകരിക്കുകയാണ്. കുട്ടിയുടെ മുകളിലൂടെ അതിവേഗതയിൽ ട്രയിൻ കടന്നുപോകുകയും ചെയ്യുന്നു. ട്രെയിൻ കടന്നുപോകുന്നതുവരെ അനങ്ങാതെ കിടക്കുക എന്നതാണ് ടാസ്ക്. ടാസ്ക് പൂർത്തിയാക്കിയ കുട്ടിയെ കൈ അടിച്ച് അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്താണ് റീൽസ് അവസാനിക്കുന്നത്.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കുട്ടികളുടെ അപകടരമായ സാഹസിക വിഡിയോ ചിത്രീകരണത്തിന് രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. തുടർന്ന് കുട്ടികളെ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികളുടെ അപകട സാധ്യതതയെക്കുറിച്ചും സുരക്ഷാ നിയമങ്ങൾ ലംഘനത്തെക്കുറിച്ചും ഉദ്യോഗസ്ഥർ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി.
തന്റെ സുഹൃത്തുക്കളാണ് ഈ ആശയം കൊണ്ടുവന്നതെന്നും റീൽ വൈറലാകുമെന്ന് പ്രതീക്ഷിച്ചാണ് ട്രാക്കിൽ കിടന്നതെന്നും കുട്ടികൾ പറഞ്ഞത്. 'ഞാൻ ട്രാക്കിൽ കിടന്നുറങ്ങി. ട്രെയിൻ കടന്നുപോയപ്പോൾ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. ഞാൻ അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'. ട്രാക്കിൽ കിടന്ന കുട്ടി പറഞ്ഞു.
ഓടുന്ന ട്രെയിനുകളിൽനിന്ന് അപകടകരമായി സെൽഫികൾ എടുക്കുന്നതും റീലുകൾ എടുക്കുന്നതും മരണങ്ങൾക്ക് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

