ശ്രീനഗറിൽ ഭീകരാക്രമണം: രണ്ടു പൊലീസുകാർക്ക് വീരമൃത്യു
text_fieldsശ്രീനഗറിൽ ഭീകരാക്രമണം നടന്ന സിവാനിൽ സുരക്ഷാ
സേനയുടെ കാവൽ
ശ്രീനഗർ: ജമ്മു-കശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു.പൊലീസ് ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ 12 പൊലീസുകാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് പാന്ത്ചൗക്ക് മേഖലയിലെ സിവാനിലാണ് സംഭവം.അതേസമയം, ശ്രീനഗറിലെതന്നെ രൺഗ്രേത്തിൽ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരും സുരക്ഷസേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ജമ്മുവിൽ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് വനിതയും കൊല്ലപ്പെട്ടു.
'പാന്ത്ചൗക്കിലെ സിവാൻ മേഖലയിലാണ് പൊലീസ് ബസിനുനേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ 14 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരണത്തിനു കീഴടങ്ങി. മൂന്നു പേരുടെ നില ഗുരുതരമാണ്. എ.എസ്.ഐയും കോൺസ്റ്റബിളുമാണ് മരിച്ചത്.
രൺഗ്രേത്തിൽ പാക് പൗരനെന്ന് സംശയിക്കുന്നയാളടക്കം രണ്ടു ലശ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇത് ഏറ്റുമുട്ടലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് സിവാനിൽ ആക്രമണമുണ്ടായത്. റോഡിൽ പരിശോധന നടത്തവെ ഒരു വാഹനത്തിൽനിന്ന് വെടിവെപ്പുണ്ടാവുകയായിരുന്നുവെന്നും തിരിച്ചടിയിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.