താനെ: വിവാഹമോചിതയായ സഹോദരിയെ കൊന്ന ശേഷം മൃതദേഹം കത്തിച്ച സംഭവത്തിൽ രണ്ടുമാസത്തിന് ശേഷം മൂന്ന് യുവാക്കൾ പിടിയിൽ. കൊലപാതകത്തിൽ പങ്കാളിയായ നാലാമത്തെ സഹോദരനുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ബിയർ ബാറിൽ ജോലി ചെയ്യുന്ന പ്രതിഭ മാത്രേ (29) കൊല്ലപ്പെട്ട കേസിലാണ് സഹോദരങ്ങളായ നാഥ അശോക് പാട്ടീൽ (31),ഭഗവാൻ അശോക് പാട്ടിൽ (24),ബാലാജി അശോക് പാട്ടീൽ (20) എന്നിവർ അറസ്റ്റിലായത്. വിവാഹമോചിതയായ ശേഷം പ്രതിഭ സഹോദരങ്ങൾക്കൊപ്പം ദയ്ഘറിലെ വീട്ടിലായിരുന്നു താമസം. പ്രതിഭയുടെ പെരുമാറ്റത്തെ ചൊല്ലി ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു.
മേയ് ഒന്നിന് രാത്രി വഴക്കിനിടെ സഹോദരന്മാർ പ്രതിഭയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണർ എസ്.എസ്. ബർസെ പറഞ്ഞു. ശേഷം മൃതദേഹം ഒരു പ്ലാസ്റ്റിക് ചാക്കിലാക്കി കത്തിച്ചു. വിറകും ടയറും കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ചാണ് കത്തിച്ചത്. എന്നിട്ട് അവശിഷ്ടങ്ങൾ നദിയിൽ ഉപേക്ഷിച്ചു. കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങൾ കുടുങ്ങുന്നത്.