ഡൽഹിയിൽ ശക്തമായ കാറ്റും മഴയും; ഇൻഡിഗോയുടെ സ്റ്റെപ് ലാഡർ എയർ ഇന്ത്യ വിമാനത്തിൽ ഇടിച്ചു, മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ -വിഡിയോ
text_fieldsഡൽഹി വിമാനത്താവളം
ന്യൂഡൽഹി: തലസ്ഥാനത്ത് ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാറ്റിൽ നിയന്ത്രണം വിട്ട ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ വിമാനങ്ങളിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്.
ഞായറാഴ്ച വൈകിട്ട് 4:40ഓടെയാണ് അപകടം നടന്നത്. വിമാനത്താവളത്തിലെ ടെർമിനൽ 2ന് (T2) സമീപം പാർക്ക് ചെയ്തിരുന്ന വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങൾ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് തെറിച്ചുപോവുകയും പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിക്കുകയുമായിരുന്നു.
അപകടത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച മൂന്ന് വിമാനങ്ങളെയും അടിയന്തരമായി സർവീസിൽ നിന്ന് പിൻവലിച്ചതായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഈ വിമാനങ്ങൾ ഇപ്പോൾ പരിശോധനക്കായി ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. ഇതിൽ രണ്ട് വിമാനങ്ങൾ ഉടൻ തന്നെ സർവീസിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മൂന്നാമത്തെ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കും.
പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിൽ (ATC) നിന്ന് വിമാനത്താവള ഓപ്പറേറ്റർമാർക്കോ എയർലൈനുകൾക്കോ യാതൊരുവിധ കാലാവസ്ഥാ മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാധാരണഗതിയിൽ ഇത്തരത്തിലുള്ള തീവ്രമായ കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കാറുണ്ട്. എന്നാൽ ഇത്തവണ അത് ഉണ്ടായില്ല എന്നത് ഗൗരവകരമായ കാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
എയർ ഇന്ത്യയുടെ വിമാനങ്ങൾക്കാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചതെങ്കിലും, വിമാനത്താവളത്തിലെ മറ്റ് എയർലൈനുകളുടെ വിമാനങ്ങളെയും മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചതായാണ് വിവരം. ശക്തമായ കാറ്റും മഴയും ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ഫ്ലൈറ്റ് ഷെഡ്യൂളുകളെയും തടസ്സപ്പെടുത്തിയിരുന്നു. നിരവധി വിമാനങ്ങളുടെ സർവീസ് വൈകുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
സംഭവത്തിൽ ഡൽഹി എയർപോർട്ട് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറ്റിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇത്ര വലിയ തോതിൽ തെന്നിമാറാൻ കാരണമെന്ത്, സുരക്ഷാ മുൻകരുതലുകളിൽ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

