2ജി സ്‌പെക്ട്രം അഴിമതി കേസിൽ നവംബര്‍ ഏഴിന് വിധി
text_fieldsന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന് ഭരണം നഷ്ടപ്പെട്ട 2ജി സ്‌പെക്ട്രം അഴിമതി കേസിൽ നവംബര്‍ ഏഴിന് കോടതി വിധി പുറപ്പെടുവിക്കും. ഡൽഹി സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. ആറു കൊല്ലം നീണ്ടുനിന്ന വിചാരണക്ക് ശേഷമാണ് കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി പറയുന്നത്.
മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ ഉള്‍പ്പെടെ 18 പേരാണ് കേസിലെ പ്രതികൾ. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നുവെന്ന സി.എ.ജി വിനോദ് റായിയുടെ റിപ്പോർട്ടാണ് കേസിന് വഴിവെച്ചത്.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍റെ റിപ്പോര്‍ട്ടാണ് വൻ അഴിമതി പുറം ലോകത്തെത്തിച്ചത്. ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയത് സര്‍ക്കാർ ഖജനാവിന് നഷ്ടം വരുത്തിയെന്നായിരുന്നു വാർത്ത. തുടർന്ന് ലേല നടപടികൾ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു.
സ്‌പെക്ട്രത്തിന്‍റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക (ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്) എന്ന രീതി സ്വീകരിച്ചത് ക്രമക്കേടെന്നാണ് സി.എ.ജി കണ്ടെത്തല്‍. വിധി പ്രസ്താവിക്കുന്ന നവംബർ ഏഴിന് കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്ക് സി.ബി.ഐ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
